ലഹരിയെ പൂട്ടാൻ ഒരുങ്ങി വിമുക്തി; ഡി അഡിക്ഷന്‍ സെന്റിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു

കൊച്ചി: കോവിഡിനെ തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്റിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന കിടത്തി ചികിത്സ പുനരാരംഭിച്ചു. ഈ മാസം രണ്ടു മുതലാണ്  ഡി അഡിക്ഷന്‍ സെന്ററിൽ കിടത്തിച്ചികിത്സ വീണ്ടും സജീവമായത്. കുട്ടികൾ മുതൽ പ്രായമായവർ വരെ നിരവധി പേർക്കാണ് ലഹരിയിൽ നിന്നും മുക്തി നേടാൻ ഡി അഡിക്ഷൻ സെന്റർ ആശ്വാസമായത്. 

എക്സൈസ് വകുപ്പിന് കീഴിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 2018 നവംബർ മുതലാണ് വിമുക്തി ഡി അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 6300 ലധികം രോഗികൾക്കാണ് ഡി – അഡിക്ഷൻ സെന്റർ ആശ്വാസമേകിയത്. 

മൂവാറ്റുപുഴ ജനറലാശുപത്രിയോടനുബന്ധിച്ചുള്ള നഗരസഭാ പേ വാർഡ് കോംപ്ലക്സിലാണ് ഡി അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. കിടത്തി ചികിത്സ പുനരാരംഭിച്ച സാഹചര്യത്തിൽ പത്ത് ബെഡ്ഡുകളാണ് ഒരുക്കിയിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്റൂമോട്കൂടിയ റൂമുകളാണ് രോഗികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കൽ ഓഫീസർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ അടക്കം 10 ജീവനക്കാരുടെ സേവനവും ലഭ്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ഒ. പി സമയം.

ലഹരിയുടെ വിവിധ പാർശ്വഫലങ്ങളെ തുടർന്ന് 6300 ൽ അധികം രോഗികളെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും 169 ന് മേലെ രോഗികളെ ഇൻപേഷ്യന്റ് വിഭാഗത്തിലും ചികിത്സിച്ചു. ആൾക്കഹോൾ, പുകയില, കഞ്ചാവ്, പശമണക്കൽ തുടങ്ങി വിവിധ ലഹരിയധിഷ്ടിത പ്രശ്നങ്ങളുമായെത്തിയവരെയാണ് ഡി- അഡിക്ഷൻ സെന്റർവഴി തീർത്തും സൗജന്യമായി ജീവിതത്തിലേക്ക് മടക്കിയത്. കൂടാതെ മൊബൈൽ ഫോണിന്റെ  അമിതമായ ഉപയോഗം, പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാൽ നിരവധി കുട്ടികളാണ് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് എത്തിയത്. 15 വയസ്സിൽ താഴെ മാത്രം പ്രായമുള്ള മുന്നൂറിലധികം കുട്ടികളെയും 15-18 പ്രായ പരിധിയിലുള്ള 350ലധികം കുട്ടികളെയും ചികിത്സയിലൂടെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചികിത്സയോടൊപ്പം മുന്നൂറിലധികം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും വിമുക്തി ഡി- അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →