എറണാകുളം: അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും അനുസരിച്ച് സ്കൂളുകളെ തരം തിരിക്കും: ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കും

അടിയന്തര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളുകളിലെ ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതാത് സ്കൂളുകളിലെ പ്രധാന അധ്യാപകർക്കാകും ഈ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ചുമതല നൽകുന്നതെന്നും ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികളും പഠനോപകരണങ്ങളുടെയും കംപ്യൂട്ടറുകളുടെയും സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ളവ എത്രയും വേഗം പരിഹരിച്ച് അധ്യയനം സുഖമമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിലെ സ്കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി  മൂന്ന് ഗ്രേഡുകളായി തരം തിരിച്ച്  പരിഗണന വേണ്ട സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും പഠന നിലവാരം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പ്രവർത്തനങ്ങൾ നടത്തും. ഏറ്റെടുക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.ജെ ജോമി, റാണികുട്ടി ജോർജ്, കെ.ജി. ഡോണാ മാസ്റ്റർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, എ.എസ് അനിൽകുമാർ, കെ.വി രവീന്ദ്രൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, എം.ബി ഷൈനി,  സനിത റഹീം, അനിമോൾ,  യേശുദാസ് പറപ്പിള്ളി, ലിസി അലക്സ്, എൽദോ ടോം, ഷാന്റി എബ്രഹാം, റഷീദ സലീം, പി.എം നാസർ, ദീപു കുഞ്ഞിക്കുട്ടി, എൽസി ജോർജ്, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എസ് ടിമ്പിൾ മാഗി തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →