ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 45 മീറ്ററാക്കി നവീകരിക്കുന്ന പ്രവര്‍ത്തനം 2025ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചേര്‍ത്തല കാളികുളം- ചെങ്ങണ്ട റോഡില്‍ പൂത്തോട്ട തോടിന് കുറുകെ പുനര്‍നിര്‍മിച്ച പഴംകുളം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 4.15 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിര്‍മിച്ചത്. ഇതിനു പുറമെ സെന്റ് മേരിസ് പാലത്തിന്റെയും ആലപ്പുഴ-അര്‍ത്തുങ്കല്‍- ചെല്ലാനം എസ്.എച്ച്. റോഡിന്റെയും നിര്‍മ്മാണോദ്ഘാടനവും ചേര്‍ത്തല മണ്ഡലത്തില്‍ നിര്‍വഹിച്ചിട്ടുണ്ട്. ടൂറിസം സാധ്യതകള്‍ ഏറെയുള്ള മണ്ഡലമാണ് ചേര്‍ത്തല- മന്ത്രി പറഞ്ഞു.

ദേശീയപാത വികസനം നടപ്പിലാക്കാനായി ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുക മതിയാകില്ലെന്നും കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വ്യക്തമായതോടെ ഇതിനു വേണ്ട 25ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ദേശീയപാതാ വികസനം, തീരദേശപാത, മലയോര പാത തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട പദ്ധതികള്‍ പുരോഗമിക്കുകയാണ്. തീരദേശപാതയുടെ ചേര്‍ത്തല മണ്ഡലത്തിലൂടെ കടന്നുപോകുന്ന റീച്ചിന്റെ 167.28 കോടി പദ്ധതി രേഖ തയ്യാറായതായും മന്ത്രി അറിയിച്ചു.

കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് (പാലം വിഭാഗം) ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദീപ്തി ഭാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മുകുന്ദന്‍, നഗരസഭാംഗം പി.എസ്. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്തംഗം ഷൈമോള്‍ കലേഷ്, പൊതുമരാമത്ത് (പാലം വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ബിനി തുടങ്ങിയവര്‍ പങ്കെടുത്തു.

പഴയ പാലം പൂര്‍ണ്ണമായും പൊളിച്ചു നീക്കിയാണ് 18.90 മീറ്ററില്‍ പുതിയ പാലം നിര്‍മിച്ചത്. 7.50 മീറ്റര്‍ വീതിയിലുള്ള വാഹനപ്പാതയും ഇരുവശങ്ങളിലെ നടപ്പാതകളും ഉള്‍പ്പെടെ 11 മീറ്ററാണ് ആകെ വീതി. ഇരുകരകളിലും 100 മീറ്റര്‍ റോഡ് വികസിപ്പിക്കുകയും കോണ്‍ക്രീറ്റ് സംരക്ഷണ ഭീത്തി നിര്‍മിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →