ഉപരിതലത്തു കാണുന്ന തിളക്കവും ശോഭയും ഉള്ളിലേക്ക് ഇറങ്ങുമ്പോൾ കായിക രംഗത്തു കാണാൻ കഴിയില്ല. അവിടെ വാണവരും വീണവരും നിരവധി. സ്പോർട്സ് ഫീൽഡ് ഭാഗ്യനിർഭാഗ്യങ്ങളുട ഭൂമിക കൂടിയാണ്. ഇവിടെ മോഹവും മോഹഭംഗവും പ്രണയവും എല്ലാം ഇടകല ർന്നിരിക്കുന്നു. പ്രണയം തകർത്ത ട്രാക്ക് ജീവിതങ്ങൾ, പ്രകടന മികവിനായി ഡ്രഗ് അടിച്ച് രോഗിയായി തീർന്നവർ. അങ്ങനെ ഒരു സിനിമ കഥ പോലെ ത്രില്ലിങ്ങും ട്വിസ്റ്റ്‌ങ്ങും സസ്പെൻസും നിറഞ്ഞതാണ് കായിക മേഖല.
ലോക കായിക രംഗത്തിനു വലിയ നഷ്ടമായ ഒരു കായിക പ്രതിഭയാണ് ഇടുക്കിയുടെ കോടമഞ്ഞു നിറഞ്ഞ മലചെരുവിലൂടെ ഓടി ദേശീയ തലത്തിലേക്ക് ഉയർന്നു വന്ന രാജകുമാരി എന്ന ഗ്രാമത്തിലെ സുവർണ രാജകുമാരി രാജി വിജയൻ. 2008-വരെ ഇന്ത്യൻ കളിക്കളത്തെ പ്രകമ്പനം കൊള്ളിച്ചവൾ. ഭാവി പി. ടി. ഉഷയെന്ന് മാധ്യമങ്ങൾ നിരന്തരം എഴുതാൻ മത്സരിച്ചു. സംസ്ഥാന ദേശീയ തലങ്ങളിൽ അനവധി സ്വർണമെഡലുകൾ.
12-വയസുമുതൽ ദേശീയ സ്കൂൾ കായിക മേളയിൽ മെഡൽ വേട്ട തുടങ്ങിയ രാജി എം. ജി. യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോൾ കിട്ടിയ വിദഗ്ദ്ധ പരിശീലനത്തിലൂടെ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിലും ദേശിയ ഓപ്പൺ മീറ്റിലും സുവർണ താരമായി. പിന്നാലെ നിരവധി സ്വികരണങ്ങളും ജോലി ഓഫറുകളും. റയിൽവേയിൽ നിന്ന് വന്ന ഓഫർ സ്വികരിച്ചു. എന്നാൽ രാജി പോയാൽ ചാമ്പ്യൻഷിപ്പ് നഷ്ടമാകുമെന്ന് മനസിലാക്കിയ കോട്ടയം ജില്ലയിലെ വനിതാ കോളേജ് അധികൃതർ അവർക്ക് വന്ന ഇന്റർവ്യൂ കാർഡ് നൽകിയില്ല. സഹതാരങ്ങൾ ജോലിയിൽ പ്രവേശിച്ചപ്പോഴാണ് കോളേജ് മാനേജമെന്റ് കാണിച്ച വഞ്ചന അറിയുന്നത്. അന്ന് സംസ്ഥാനത്തെ സൂപ്പർ താരം ജോലിയില്ലാതെ നൊമ്പരത്തോടെ കോളേജിന്റെ പടിയിറങ്ങി.
ഏക മകൾ ജോലിയുമായി തിരിച്ചുവരുന്നതും തങ്ങളുടെ ദുരിതങ്ങൾ മായുന്നതും കാത്തിരുന്ന മാതാപിതാക്കൾ നിരാശയും ദുഖിതയുമായി വരുന്ന മകളെ അവർ ആശ്വസിപ്പിച്ചു.
നിർഭാഗ്യം രാജിയെ നിഴൽപോലെ പിന്തുടർന്നു. സംസ്ഥാന കായിക വകുപ്പിന്റെ പദ്ധതി പ്രകാരം ഓരോ വർഷവും കേരളത്തിലെ പ്രഗ്ത്ഭരായ 100-കായിക താരങ്ങൾക്ക് ജോലി കൊടുക്കുന്നു. അതിൽ അപേക്ഷ വെയ്ക്കുകയും ജോലിക്ക് ശുപാർശ ചെയ്ത് കത്ത് സ്പോർട്സ് കൗൺസിലിനു ഫോർവേഡ് ചെയ്യുക ചെയ്തു. പക്ഷെ ജോലി ലഭിച്ചില്ല. അവിടെ എന്തു തിരിമറിയാണ് നടന്നത്. ആരെയാണ് പിൻവാതിലൂടെ നിയമിച്ചത്…? അധികാരവും രാഷ്ട്രീയ സ്വാധീനവും അന്യമായവർക്ക് ചോദ്യം ചോദ്യക്കാൻ പോലും അവകാശമില്ലല്ലോ.
ബാംഗ്ലൂരിൽ കോവിഡ് ബാധിച്ച മരിച്ച ഏകസഹോദരന്റെ ബോഡി ഏറ്റു വാങ്ങാൻ പോയപ്പോൾ ലീവ് ലെറ്റർ നൽകിയില്ലാന്ന് പറഞ്ഞു രാജകുമാരിയിലെ സ്വാകാര്യ കോളേജിലെ പ്യൂൺ ജോലിയും പോയി.
കായിക താരങ്ങൾക്ക് വിൽ പവർ മറ്റുള്ളവരെ ആപേക്ഷിച്ചു ഏറെയാണ്. രാജി മനസ്സിലെ വിങ്ങൽ ഉള്ളിൽ ഒതുക്കി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു.
ഒരു കുട്ടിയുടെ മാതാവായ 36-വയസ്സ് കഴിഞ്ഞ രാജി ഇന്നും ഒരു ജോലിക്കായി ആർദ്രമായ മിഴികളോടെ കാത്തിരിക്കുന്നു. സ്പോർട്സ് ഇവർക്ക് ഒരു ലഹരിയാണ്. മാത്രമല്ല അഡിക്റ്റാണ്. കഴിഞ്ഞ മാസം ചെന്നൈയിൽ സമാപിച്ച് ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ രണ്ട് സിൽവർ നേടി ഏഷ്യൻ മീറ്റിനും വേൾഡ് മീറ്റിനും യോഗ്യത നേടി.
ട്രാക്കിൽ കുതിപ്പു നടത്തുന്ന കായിക താരങ്ങൾ തൊഴിൽ അവസരങ്ങൾ തേടിപിടിക്കാൻ മറക്കുന്നു.പഠന കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർത്തു മൃഗങ്ങളാണ് കായിക താരങ്ങൾ. ചാമ്പ്യൻ ഷിപ്പിനായി കടുത്ത മത്സരം നടത്തുന്ന സ്കൂൾ -കോളേജ് അധികൃതർ ഒന്നു മുതൽ അഞ്ചു ഇവന്റ് വരെ ചെയ്യിക്കുന്നു. പഠന കാലം കഴിയുമ്പോൾ കരിമ്പിൻ ചണ്ടിയായി ഇവർ പുറത്തേക്ക് എറിയപ്പെടുന്നു. അങ്ങനെ ഒരുകാലത്ത് ദേശീയ കായിക രംഗം അടക്കിവാണ നിരവധി താരങ്ങൾ ഓട്ടോ തൊഴിലാളിയായും, ലോഡിങ് തൊഴിലാളിയായും തൊഴിലുറപ്പ് തൊഴിലാളിയായും പരിവർത്തനം ചെയ്യപ്പെടുന്നു.
താഴ്ന്ന ക്ലാസ്സ് മുതൽ കുട്ടികളിൽ ശരിയായ കായിക ബോധം വളർത്തുകയും ഉന്നത നിലവാരം പുലർത്തുന്ന കായിക താരങ്ങൾക്ക് ജോലി സ്ഥിരത ഉറപ്പുവരുത്തുകയും ചെയ്‌താൽ ഇന്ത്യ ലോക കായിക ഭൂപടത്തിൽ ഒരു ജമൈക്കൻ ടീമായി മാറും.