ന്യൂഡൽഹി: സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും സ്ത്രീക്ക് ഒരുപോലെ അവകാശമുണ്ടെന്നും വീട്ടിൽനിന്ന് അവരെ പുറത്താക്കാനാകില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭർതൃവീട്ടിൽനിന്ന് പുറത്താക്കുന്നത് കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ സ്ത്രീകളുടെ പ്രവൃത്തികളിൽ പരാതിയുള്ള പക്ഷം മറ്റു കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശം നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും മാതാപിതാക്കൾക്കൊപ്പവും, ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പവുമാണ് ജീവിക്കുന്നത്. കുടുംബജീവിതം നയിക്കുന്ന ഇവരിൽ പലരും സ്വന്തമായി വരുമാനം ഉള്ളവരോ ആയിരിക്കില്ല. ഇവരെ വീട്ടിൽ നിന്നും പുറത്താക്കാൻ ആർക്കും അവകാശമില്ലെന്ന് ജസ്റ്റിസ് നാഗരാജ പറഞ്ഞു. ഭർതൃഗൃഹത്തിൽ തനിക്കും ഭർത്താവിനും താമസം നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിനി നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ഹർജി 02/06/22 (വ്യാഴാഴ്ച)പരിഗണിക്കും. ഹർജി പരിഗണിക്കുന്ന സമയത്ത് മഹാരാഷ്ട്ര സ്വദേശിനിയുടെ ഭർത്താവിന്റെ വീട്ടുകാരുമായി വീഡിയോ കോൺഫറൻസ് മുഖേന ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കണമെന്ന് കോടതിയിൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം മകനെയും മരുമകളെയും വീട്ടിൽ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർതൃപിതാവ് ആണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്. ഇതേതുടർന്ന് വീട്ടിൽനിന്ന് മാറണമെന്നും പ്രതിമാസം 25,000 രൂപ ജീവനാംശമായി പരാതിക്കാരന് നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു. ഇതിനെതിരെയാണ് യുവതി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കുടുംബത്തിലെ മുതിർന്ന പൗരൻമാർക്ക് സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കുകയാണെങ്കിൽ കോടതിക്ക് ഇക്കാര്യത്തിൽ ഉപാധികൾ വയ്ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

