ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണകമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ ഒന്നിന് (19 കിലോ) 135 രൂപ കുറഞ്ഞു. ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ല. ആയിരം രൂപയ്ക്ക് മുകളിലാണ് നിലവിൽ ഗാർഹിക പാചകവാതക വില. പുതിയ വിലകൾ 1/06/22 ജൂൺ 1 (ബുധനാഴ്ച)മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് ഡൽഹിയിൽ വാണിജ്യപാചക വാതക വില 2219 രൂപയായി. 2355.50 രൂപയായിരുന്നു ഇതുവരെ.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 200 രൂപ സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവർക്ക് സബ്സിഡി ഒന്നും ലഭിക്കില്ല. 2020 ജൂൺ മുതലാണ് രാജ്യത്ത് പാചകവാതക സിലിണ്ടർ സബ്സിഡി ഒഴിവാക്കിയത്. 2022 മെയ് മാസം 19ന് ഗാർഹിക എൽപിജി സിലിണ്ടറുകളുടെയും,വാണിജ്യ സിലിണ്ടറുകളുടെയും വില വർധിപ്പിച്ചിരുന്നു. നാണയപ്പെരുപ്പം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത് ജനങ്ങൾക്ക് ആശ്വാസം പകരുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു.