മെഡിക്കല്‍ പഠനത്തിന് വിദേശത്ത് പോകുന്നത് ഫീസ് താങ്ങാനാകാതെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം വലിയ വ്യവസായമായി മാറിയിരിക്കുന്നുവെന്നും മെഡിക്കല്‍ കോഴ്സുകളുടെ കനത്ത ഫീസ് താങ്ങാനാകാതെയാണ് വിദ്യാര്‍ഥികള്‍ യുക്രൈന്‍ പോലെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നതെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം.

പുതിയ ഫാര്‍മസി കോളജുകള്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലെ വാദത്തിനിടെയായിരുന്നു ഇത്. അഞ്ചു വര്‍ഷത്തേക്ക് പുതിയ ഫാര്‍മസി കോളജുകള്‍ അനുവദിക്കേണ്ടെന്നു 2019ല്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. ഫാര്‍മസി കോളജുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. ഫാര്‍മസി കൗണ്‍സില്‍ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നെങ്കിലും പുതിയ കോളജുകള്‍ അനുവദിക്കുന്നതിന് അഞ്ചു വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തിയതു നിയമവിരുദ്ധമാണെന്നായിരുന്നു ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഡ് ഹൈക്കോടതികളുടെ ഉത്തരവ്. ഇതിനെതിരേ ഫാര്‍മസി കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇപ്പോള്‍ത്തന്നെ 2500ല്‍പ്പരം ഫാര്‍മസി കോളജുകളാണു രാജ്യത്തുള്ളതെന്നു കേന്ദ്ര സര്‍ക്കാരിനും ഫാര്‍മസി കൗണ്‍സിലിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പ് വലിയ വ്യവസായമായി മാറിയ നിലയ്ക്കാണു നിയന്ത്രണം കൊണ്ടുവന്നത്. പല എന്‍ജിനീയറിങ് കോളജുകളും ഷോപ്പിങ് സെന്ററുകള്‍ പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദത്തോടു യോജിച്ചെങ്കിലും ഫാര്‍മസി കോളജുകള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കി. അതേസമയം, അനുമതി കൊടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന തീരുമാനമെടുക്കരുത്. അപ്പോഴേക്കും ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കാമെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →