കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ആണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. കൊച്ചി പോലീസ് പ്രത്യേക സംഘമാണ് അബ്ദുൾ ലത്തീഫിനെ പിടികൂടിയത്. വ്യാജ ട്വിറ്റർ പ്രൊഫൈൽ വഴിയാണ് വീഡിയോ പ്രചാരണം നടത്തിയത്. വീഡിയോ അപ്ലോഡ് ചെയ്തയാൾക്ക് യുഡിഎഫുമായി ബന്ധമുണ്ടെന്ന് എം.സ്വരാജ് ആരോപിച്ചു. യുഡിഎഫ് മാപ്പുപറയണമെന്നും സ്വരാജ് പറഞ്ഞു.
വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. അതിനുപിന്നാലെയാണ് വീഡിയോ അപ്ലോഡ് ചെയ്ത ഇയാളെയും പോലീസ് പിടികൂടിയത്. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാനഘട്ടത്തിൽ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളിലേയ്ക്ക് ഊ ന്നൽ നൽകിയിരുന്നു. എന്നാൽ പിടിയിലായവർക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിരോധം. വ്യാജ പ്രചാരണത്തിന് എതിരെ ജോ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണം എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നായിരുന്നു ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞത്.

