തിരുവനന്തപുരം : അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ മകൾക്ക് ശസ്ത്രക്രിയ കാത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ടി വന്നത് മുപ്പത് മണിക്കൂറിലേറെ. .ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടത്തെക്കുറിച്ച് വാ തോരാതെ ആവേശം കൊള്ളുന്ന നാട്ടിലാണ് ഒരു പിഞ്ചു കുട്ടിക്ക് ഈ ദുരവസ്ഥ ഉണ്ടായത്.
2022 മെയ് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ പിഞ്ചുമകൾ വീട്ടിൽ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടതുകൈയ്യുടെ മൂന്ന് വിരലുകൾ കട്ടിളയുടെയും വാതിലിൻറെയും ഇടയിൽ കുടുങ്ങി ചതഞ്ഞുപോയി. അപ്പോൾ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തണമെന്നും ജനറൽ ആശുപത്രിയിൽ നിന്ന് നിർദേശിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല.
ശസ്ത്രക്രിയ ചെയ്യാത്തതിനാൽ ഭക്ഷണവും കുട്ടി കഴിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരിക്ക് പറ്റിയ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത് മുപ്പത് മണിക്കൂറുകൾ കഴിഞ്ഞ്. വാർഡ് കൗൺസിലറും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഇടപെട്ടതിനെത്തുടർന്നാണ് ആ സമയത്തെങ്കിലും ശസ്ത്രക്രിയ നടന്നത്. സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് മന്ത്രിയുടെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്