ന്യൂഡല്‍ഹി: കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സഹായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. ”പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍” പദ്ധതിപ്രകാരം ഒരു വര്‍ഷം മുമ്പ് രൂപംകൊടുത്ത ക്ഷേമാനുകൂല്യങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി കൈമാറ്റം ചെയ്യുന്നത്. ഗുണഭോക്താക്കളായ കുട്ടികളും രക്ഷാകര്‍ത്താക്കളും അതത് പ്രദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരും മന്ത്രിമാരും ജനപ്രതിനിധികളും ഓണ്‍െലെനിലൂടെ ചടങ്ങില്‍ പങ്കെടുക്കും.
പദ്ധതിപ്രകാരമുള്ള പാസ്ബുക്ക്, ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ യോജന പദ്ധതിക്കു കീഴിലുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവയാണ് കുട്ടികള്‍ക്കു നല്‍കുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികള്‍ക്ക് സ്ഥിരമായ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) അറിയിച്ചു. മെച്ചപ്പെട്ട താമസസൗകര്യം, വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികളുടെ ശാക്തീകരണം സാധ്യമാക്കും. അതോടൊപ്പം വിദ്യാഭ്യാസകാലം കഴിയുമ്പോഴേക്കും അവരെ സ്വയംപര്യാപ്തരാക്കാനുള്ള സാമ്പത്തിക പിന്തുണയും നല്‍കും. 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപ ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും പി.എം.ഒ പ്രസ്താവനയില്‍ പറഞ്ഞു. 2020 മാര്‍ച്ച് 11-നും 2022 ഫെബ്രുവരി 28-നും ഇടയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികളെയും അവരുടെ നിയമപ്രകാരമുള്ള സംരക്ഷകരെയും സഹായിക്കാനുള്ള പദ്ധതിയാണ് പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍. ഇതിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടലില്‍ അര്‍ഹതയുള്ള കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.