പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ചിരകാലഭിലാഷമായിരുന്ന കൃഷിഭവന് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായി. പുതിയതായി നിർമ്മിച്ച കെ വി കൃഷ്ണൻ സ്മാരക കൃഷിഭവൻ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പെരിഞ്ഞനം പഞ്ചായത്തിലെ പത്താം വാർഡിൽ കിഴക്കേടത്ത് രഞ്ജിത്ത് സൗജന്യമായി നൽകിയ 5 സെന്റ് ഭൂമിയിലാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കൃഷിഭവന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസിന്റെ അധ്യക്ഷതയിൽ കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് ജയ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സായിദ മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു,പെരിഞ്ഞനം പഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൃഷിഭവൻ കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകിയ രഞ്ജിത്ത് കിഴക്കേടത്തിനെ ചടങ്ങിൽ ആദരിച്ചു.