കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കുട്ടിയുടെ വീടിനുമുന്നില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ടൈംസ് നൗ ചാനല്‍ സംഘത്തിനുനേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീഷണി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് പേരുകേട്ട കേരളത്തില്‍ അരങ്ങേറിയ ഈ സംഭവം മതമൗലീക വാദികളുടെ പിടിയിലകപ്പെട്ട കേരളത്തിന്റെ നേര്‍ചിത്രമാണ് കാണിക്കുന്നത്. മാധ്യമ പ്രവര്‍ത്തക സംഘത്തെ ഒരുസംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ടൈംസ് നൗ പുറത്തുവിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് മാധ്യമ പ്രവര്‍ത്തകരെ സുരക്ഷിതമായി അവിടെനിന്നും കൊണ്ടുപോയത്.
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ വിഷമിക്കുകയാണ് പോലീസ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് കുടുംബം ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തോളിലേറ്റിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അന്‍സാറിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. കുട്ടിയെ റാലിക്കുകൊണ്ടുവന്നതും പിതാവുതന്നെയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. പൗരത്വ നിയം ഭേതഗതിക്കെതിരെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് കുട്ടിയെ പങ്കെടുപ്പിച്ചിട്ടുണ്ട്. കുട്ടിക്കും രക്ഷിതാക്കള്‍ക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

