ജനകീയ സമിതികൾ രൂപീകരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകും- മന്ത്രി ജി.ആർ. അനിൽ

ജില്ലാ പഞ്ചായത്ത് ​ഗ്രാമസഭ സംഘടിപ്പിച്ചു

ജനകീയ സമിതികൾ രൂപീകരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് നടത്തിയ ഗ്രാമസഭാ യോ​ഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏതു പദ്ധതി രൂപീകരിക്കുമ്പോഴും അതിന്റെ ഏറ്റവും താഴെ തട്ടിൽ നിന്നു തുടങ്ങി ജനകീയ സമിതികൾ രൂപീകരിച്ച് പ്രവർത്തിച്ചാൽ അതിനെ പരിപൂർണമായുംവിജയിപ്പിക്കാൻ നമുക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്നത്തെ സാഹചര്യത്തിൽ വനിതാശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് നാടിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. കുടുംബശ്രീ പോലുള്ള സ്ത്രീകൂട്ടായ്മകളിലൂടെ നടത്തുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്- മന്ത്രി പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ മോ​ഹനൻ മണലിൽ വികസന കാഴ്ചപ്പാട്, നയസമീപന വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ മുൻ, നടപ്പു വാർഷിക പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നടപ്പു വാർഷിക പദ്ധതി നിർദേശങ്ങളുടെ അവതരണം വികസന സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു.

പൊതുഭരണവും ധനകാര്യവും, കൃഷി, മത്സ്യബന്ധനം, മൃ​ഗസം​രക്ഷണവും ക്ഷീരവികസനവും, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി, ജെൻഡറും വികസനവും കുട്ടികളുടെ വികസനവും, പട്ടികജാതി വികസനം, പട്ടിക വർഗ വികസനം, ആരോ​ഗ്യം, കുടിവെള്ള ശുചിത്വം, വിദ്യാഭ്യാസം കല സംസ്കാരം യുവജനകാര്യം, പൊതുമരാമത്ത്, ജൈവ വൈവിധ്യ മാനേജ്മെന്റ് പരിസ്ഥിതി  സംരക്ഷണം, ദുരന്ത നിവാരണം എന്നിങ്ങനെ 15 വർക്കിം​ഗ് ​​ഗ്രൂപ്പുകളായി തിരിച്ച് വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. തുടർന്ന് വർക്കിം​ഗ് ​​ഗ്രൂപ്പ് ചെയർമാൻ, കൺവീനർമാർ തുടങ്ങിയവർ ​ഗ്രൂപ്പ് ചർച്ചയുടെ റിപ്പോർട്ട് അവതരിപ്പിച്ചു..  

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിം​ഗ് കമ്മിറ്റി അധ്യക്ഷർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷർ, ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പുകളുടെ കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശവാനനന്ദൻ സ്വാ​ഗതവും സീനിയർ സൂപ്രണ്ട് ആൻഡ് അസി. പ്ലാൻ കോ-ഓർഡിനേറ്റർ എ. രാജേഷ് നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →