ന്യൂയോര്‍ക്ക്: യുക്രൈന്‍ യുദ്ധം എണ്ണ, ഭക്ഷ്യ, രാസവള വിലകളിലുണ്ടാക്കിയ ആഘാതം കാരണം ലോകം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ്. ചൈനയില്‍ കോവിഡ് ലോക്ഡൗണുകളുടെ പരമ്പരയും മാന്ദ്യത്തേക്കുറിച്ചുള്ള ആശങ്കയേറ്റുന്നുവെന്നു മാല്‍പാസ് പറഞ്ഞു. യു.എസിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് യോഗത്തിലായിരുന്നു ലോകബാങ്ക് മേധാവിയുടെ വാക്കുകള്‍. ലോകസമ്പദ്വ്യവസ്ഥ വീണ്ടും ചുരുങ്ങുകയാണെന്ന ആശങ്ക പങ്കുവയ്ക്കുന്ന ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പാണ് മാല്‍പാസിന്റേത്. ”ആഗോള ജി.ഡി.പിയിലേക്ക് നോക്കിയാല്‍ സാമ്പത്തികമാന്ദ്യം ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളതായി ഇപ്പോള്‍ തോന്നുകയില്ല” -മാല്‍പാസ് പറഞ്ഞു. എങ്കിലും കൃത്യമായ ഒരു പ്രവചനം നടത്താന്‍ അദ്ദേഹം തുനിഞ്ഞില്ല. ആഗോള എണ്ണവില ഇരട്ടിയാകുന്നത് തന്നെ സാമ്പത്തികമാന്ദ്യത്തിനു കാരണമാകാവുന്നതാണെന്നു മാല്‍പാസ് പറഞ്ഞു. മൊത്തം ആഭ്യന്തര ഉല്‍പാദനം അഥവാ ജി.ഡി.പിയാണ് സമ്പദ് വ്യവസ്ഥ നല്ലനിലയിലാണോ, അല്ലയോ എന്ന് നിര്‍ണയിക്കാന്‍ സാമ്പത്തികവിദഗ്ധരെയും കേന്ദ്രബാങ്കിനേയും സഹായിക്കുന്നത്.
വ്യവസായങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനും കൂടുതല്‍ ആളുകളെ ജോലിക്കെടുക്കുന്ന വിഷയം തീരുമാനിക്കാനും നിക്ഷേപം നടത്തുന്നതു സംബന്ധിച്ചും തീരുമാനമെടുക്കാനുമുള്ള പ്രധാനഘടകം ഇതാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോഴും റഷ്യയെ ആണ് എണ്ണയ്ക്കും വാതകത്തിനും ആശ്രയിക്കുന്നത് എന്ന് മാല്‍പാസ് ചൂണ്ടിക്കാട്ടി. ഈ മേഖലയിലേക്കുള്ള വാതകവിതരണം റദ്ദാക്കാനുള്ള റഷ്യന്‍ തീരുമാനം മേഖലയില്‍ കാര്യമായ മാന്ദ്യത്തിനിടയാക്കുമെന്നും ലോകബാങ്ക് മേധാവി പറഞ്ഞു.
യുക്രൈന്‍ യുദ്ധം ആഗോളമാന്ദ്യമുണ്ടാക്കും: ലോകബാങ്ക് മേധാവി
