ന്യൂഡൽഹി: പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുതെന്ന് സുപ്രീംകോടതി നിർദേശം. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗികത്തൊഴിലാളികൾക്ക് എതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മറ്റ് പൗരന്മാരെ പോലെ ലൈംഗികത്തൊഴിലാളികൾക്കും അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും നിയമത്തിൽ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയസമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
ലൈംഗികത്തൊഴിലാളികളെ അവരുടെ മക്കളിൽ നിന്ന് വേർപെടുത്തരുത്. അമ്മയ്‌ക്കൊപ്പം വേശ്യാലയത്തിൽ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ട് വന്നതാണെന്ന് കരുതരുത്.ലൈംഗിക പീഡനത്തിനെതിരേ ലൈംഗികത്തൊഴിലാളികൾ നൽകുന്ന പരാതികൾ പോലീസ് വിവേചനപരമായി കണക്കാക്കരുതെന്നും പരാതി നൽകുന്നവർക്ക് എല്ലാ വൈദ്യ,നിയമ സഹായങ്ങളും നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

