പി.സി.ജോർജ് ഹർജിയുമായി വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി ∙ തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്നു ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്ത പി.സി.ജോർജ് ഹർജിയുമായി വീണ്ടും ഹൈക്കോടതിയിൽ. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം റദ്ദാക്കിയ മജിസ്ട്രേട്ട് കോടതി ഉത്തരവു ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ പി.സി.ജോർജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഈ ഹർജി 2022 മെയ് 27 വെള്ളിയാഴ്ച ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള പുതിയ ഹർജി. ഇതു വെള്ളിയാഴ്ച ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പി.സി.ജോർജ് ഹർജിയിൽ വ്യക്തമാക്കി. കൊച്ചി വെണ്ണല പ്രസംഗത്തിൽ ജോർജിന് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം അടുത്ത ദിവസം അവസാനിക്കും. കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പി.സി.ജോർജ് നിലവിൽ പൂജപ്പുര സെൻട്രൽ ജലിലാണ്. അതേസമയം, മതവിദ്വേഷ പ്രസംഗത്തിൽ ജാമ്യം റദ്ദാക്കി വഞ്ചിയൂർ കോടതി രാവിലെ ജയിലിൽ അടച്ചെങ്കിലും വ്യാഴാഴ്ച തന്നെ ഹൈക്കോ‌തിയിൽനിന്നു ജാമ്യം കിട്ടുമെന്നായിരുന്നു പി.സി.ജോർജിൻറെ പ്രതീക്ഷ.

അനന്തപുരി മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനെതിരെ ഫോർട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കോടതി നൽകിയ ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ പി.സി. ജോർജിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തത്. മെയ് 25 ബുധനാഴ്ച രാത്രി തന്നെ സമർപ്പിച്ച ജാമ്യാപേക്ഷ രാവിലെ പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയും ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു. അതുവരെയും പി.സി.ജോർജ് പ്രതീക്ഷയിലായിരുന്നു.

അറസ്റ്റ് അനാവശ്യമാണെന്ന് ജോർജിന്റെ അഭിഭാഷകർ ഹൈക്കോടതിയിൽ പറഞ്ഞു. പൊലീസ് എന്തിനാണ് പി.സി.ജോർജിനെ കസ്റ്റഡിയിൽ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനിലഭിക്കാനുള്ളതെന്നും അഭിഭാഷകർ ആരാഞ്ഞു. എന്നാൽ ജോർജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉൾപ്പെടുത്തിവിശദമായ പത്രിക സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിന് പ്രോസിക്യൂഷന് സമയം അനുവദിച്ചുകൊണ്ടാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.പി.സി.ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തിരുവനന്തപുരം ഫോർട്ട് പൊലീസ് വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതു മെയ് 30 തിങ്കളാഴ്ച പരിഗണിക്കും.

ഹൈക്കോടതി ജാമ്യം അനുവദിക്കാതിരിക്കാനാണ് ഗൂഢാലോചന എന്ന വാദമെന്ന് ജോർജിന്റെ അഭിഭാഷകൻ ആരോപിച്ചു. കൊച്ചിയിൽ നിന്ന് രാത്രി തിരുവനന്തപുരത്ത് എത്തിച്ച ജോർജിനെ, രാവിലെ ഏഴരയോടെയാണ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയത്. വലിയ പൊലീസ് ബന്തവസിലായിരുന്നു ജോർജിനെ കോടതിയിലെത്തിച്ചത്. ജോർജിന് ആദ്യം ജാമ്യം നൽകിയത് പ്രോസിക്യൂഷന്റെ വാദം കേൾക്കാതെയായിരുന്നു. അന്ന് പ്രോസിക്യൂഷൻ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. വ്യാഴാഴ്ച പ്രോസിക്യൂഷന്റെ കൂടി വാദം കേട്ട ശേഷമാണു ജോർജിനെ റിമാൻഡ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →