ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയെന്ന കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണു ശിക്ഷാവിധി. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു എന്‍.ഐ.എ. വാദം.വിവിധ കേസുകളിലായി രണ്ടു ജീവപര്യന്തവും അഞ്ചു കേസുകളിലായി 10 വര്‍ഷം വീതം തടവുശിക്ഷയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ ശ്രീനഗര്‍ സ്വദേശിയായ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്ന് എന്‍.ഐ.എ. കോടതി മെയ് മാസം 19 ന് വിധിച്ചിരുന്നു.
കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കാനായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്.) നേതാവായ യാസിന്‍ മാലിക്ക് രാജ്യന്തരതലത്തില്‍ സംവിധാനമുണ്ടാക്കിയെന്നും കോടതി കണ്ടെത്തിയിരുന്നു. 2016 ജൂെലെയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ മാലിക്കിനു പങ്കുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. അക്രമങ്ങളില്‍ 85 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ മാലിക്കിനെ കരുതല്‍ തടങ്കലിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനു ഫണ്ട് കണ്ടെത്താനുള്ള വിഘടനവാദികളുടെ ഉദ്യമങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നവരിലൊരാളാണെന്നു തെളിവു ലഭിച്ചതോടെ 2019-ല്‍ ദേശീയ അന്വേഷണ ഏജന്‍സി മാലിക്കിനെ അറസ്റ്റ് ചെയ്തു. യു.എ.പി.എ. അടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പട്യാലഹൗസ് കോടതി സമുച്ചയത്തിനു പുറമേ ജമ്മു-കശ്മീരിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

