ഗുവാഹത്തി: കസ്റ്റഡിയില്‍ യുവാവ് മരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന് കത്തിച്ച സംഭവത്തില്‍ അസം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.പോലീസ് സ്റ്റേഷന് കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴു പേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ മധ്യപ്രദേശും യു.പിയും ഡല്‍ഹിയും കടന്നു വടക്കുകിഴക്കന്‍ സംസ്ഥാനത്തേയ്ക്കും ബുള്‍ഡോസര്‍ നടപടിയെത്തിയിരിക്കുകയാണ്. ഇതിനു പുറമേ നാഗോണ്‍ ജില്ലയിലെ ബതാദ്രാവ പോലീസ് സ്റ്റേഷനില്‍വച്ച് സഫിഖുള്‍ ഇസ്ലാം എന്ന മത്സ്യത്തൊഴിലാളി മരിച്ചതിനെക്കുറിച്ച് പ്രത്യേക അന്വേഷണവും ആരംഭിച്ചു. സഫിഖുളിന്റെ മരണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് പോലീസ് സ്റ്റേഷന് ആക്രമിക്കപ്പെട്ടര്. 200-250 പേര് വരുന്ന സംഘം സ്റ്റേഷന് കെട്ടിടം കത്തിക്കുകയായിരുന്നെന്നും സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡി.ജി.പി: ജി.പി. സിങ് പറഞ്ഞു. 15 പേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത സഫിഖുള്‍ ഇസ്ലാം ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്നാണ് ആരോപണം. കേസില്‍ നിന്ന് ഒഴിവാക്കാന്‍ 10,000 രൂപയും താറാവിനെയും ആവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, മദ്യപിച്ച നിലയിലാണു സഫിഖുളിനെ കസ്റ്റഡിയില്‍ എടുത്തതെന്നു പോലീസ് പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തിയ സഫീഖുളിന്റെ വീട്ടുകാര്‍ നല്കിയ ഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് അദ്ദേഹം അബോധാവസ്ഥയിലായതെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നും പോലീസ് പറഞ്ഞു.
കസ്റ്റഡി മരണം: ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു
