ആലപ്പുഴ: ഭിന്നശേഷിക്കാര്‍ തങ്ങളുടെ ക്ഷേമത്തിനായുള്ള നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്. എച്ച്. പഞ്ചാപകേശന്‍. അവകാശങ്ങളെക്കുറിച്ച് അറിവുണ്ടായാല്‍ മാത്രമേ അവ ചോദിച്ചുവാങ്ങാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബീച്ചില്‍ എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് ഭിന്നശേഷി സൗഹൃദ ആലപ്പുഴ; വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു ഭിന്നശേഷി കമ്മീഷണര്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ശ്രമം നടത്തിവരികയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ 30 പഞ്ചായത്തുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തുക പൂര്‍ണമായും വിനിയോഗിച്ചതായും രാജേശ്വരി കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, കില കണ്‍സള്‍ട്ടന്റ് എം.ജി കാളിദാസന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എസ്. ഷാജഹാന്‍, ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, സീനിയര്‍ സൂപ്രണ്ട് എം.എന്‍ ദീപു, ചലച്ചിത്ര താരം മധു പുന്നപ്ര, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.