നിലമ്പൂർ : ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ ചാലിയാർ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിൻ അഷറഫ് ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇയാളെയും ഡ്രൈവർ നൗഷാദിനെയും ചാലിയാർ തീരത്തെത്തിച്ചത്.
നൗഷാദുമായുള്ള തെളിവെടുപ്പിനിടെ വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്തക്കറ, മുടി എന്നിവ ലഭിച്ചിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഷൈബിൻ അഷറഫിന്റെ ഭാര്യയും, ഷൈബിന് നിയമോപദേശം നൽകിയ മുൻ പോലീസ് ഉദ്യോഗസ്ഥനും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി . ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 2022 മെയ് മാസം 25 ലേക്ക് മാറ്റി.
കേസിൽ പിടിയിൽ ആക്കാനുള്ള അഞ്ച് പ്രതികൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

