31 വർഷങ്ങൾക്കുശേഷം പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി

ജോലാർപേട്ട : മകന്റെ മോചനത്തിനായി 31 വർഷം പോരാടിയ അമ്മ അർപ്പുതമ്മാളിനൊപ്പം സന്തോഷം പങ്കിട്ട് പേരറിവാളൻ. മറ്റ് ബന്ധുക്കളും പേരറിവാളന്റെ ഒപ്പമുണ്ടായിരുന്നു. “ഞാനിപ്പോൾ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് ആലോചിക്കാം…”.മോചനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷം പേരറിവാളന്റെ പ്രതികരണമിങ്ങനെ. ”കുറ്റവാളികൾക്ക് വധശിക്ഷ നൽകേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. സഹതാപത്തിന്റെ പേരിലല്ല, സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസുമാരുൾപ്പെടെ നിരവധി ജഡ്ജിമാരുടെ അഭിപ്രായമാണത്. എല്ലാവരും മനുഷ്യരാണ്”. പേരറിവാളൻ കൂട്ടിച്ചേർത്തു.

പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടതോടെ പേരറിവാളന്റെ ജോലാർപേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളെത്തി. പേരറിവാളനും അമ്മയും പരസ്പരം മധുരം നൽകി ആനന്ദം പങ്കിട്ടു. വിവരമറിഞ്ഞെത്തിയ പേരറിവാളന്റെ സഹോദരി ആനന്ദക്കണ്ണീരണിഞ്ഞാണ് സഹോദരന്റെ മോചനം ആഘോഷിച്ചത്. അച്ഛൻ കുയിൽദാസനും ഏറെ സന്തുഷ്ടനായിരുന്നു. യാതൊരു പരിചയവുമില്ലാത്ത നിരവധി പേർ ഞങ്ങൾക്കൊപ്പം നിന്നു, എന്റെ മകന്റെ മോചനത്തിന് വേണ്ടി വാദിച്ചു. അവരോടെല്ലാം ഏറെ കടപ്പാടുണ്ട്’. അർപ്പുതമ്മാൾ പ്രതികരിച്ചു. ജയിൽമോചിതനായതിൽ സന്തോഷം പ്രകടിപ്പിക്കുന്ന വിധത്തിൽ പുരാതന തമിഴ് വാദ്യോപകരണമായ പറൈ(തപ്പ്)യിൽ പേരറിവാളൻ തന്റെ വിരലുകളാൽ താളം പിടിച്ചു.

1991 മേയ് 21 നാണ് അന്ന് പത്തൊമ്പതുകാരനായ പേരറിവാളന്റെ ജീവിതത്തിലെ 31 കൊല്ലങ്ങൾ കവർന്നെടുത്ത രാജീവ്ഗാന്ധി വധമുണ്ടായത്. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജീവ് ഗാന്ധി വധത്തിൽ എ.ജി. പേരറിവാളനും പ്രതി ചേർക്കപ്പെട്ടു. സ്‌ഫോടനത്തിനായി ഉപയോഗിച്ച ഒമ്പത് വോൾട്ടിന്റെ ബാറ്ററി കൈമാറിയത് പേരറിവാളനാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അയാൾ പ്രതി ചേർക്കപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പേരറിവാളന്റെ അറസ്റ്റ്. സ്‌ഫോടനത്തിന്റെ മുഖ്യആസൂത്രകനായ ശിവരശന് ബെൽറ്റ് ബോംബ് നിർമിക്കാനുള്ള ബാറ്ററി നൽകിയത് പേരറിവാളനായിരുന്നു.

കേസിൽ പേരറിവാളൻ ഉൾപ്പെടെ 26 പ്രതികൾക്ക് വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളൻ നൽകിയ ദയാഹർജിയിൽ തീരുമാനമുണ്ടായത് 2011 ലാണ്. ദയാഹർജി പരിഗണിക്കുന്നതിൽ കോടതി വരുത്തിയ കാലതാമസം പരിഗണിച്ച് സുപ്രീം കോടതി പേരറിവാളന്റേയും മറ്റ് രണ്ടുപ്രതികളുടേയും ശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കി. 14 വർഷത്തെ നല്ലനടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസർക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014 ൽ പേരറിവാളൻ അടക്കം ഏഴ് പേരെ മോചിപ്പിക്കാൻ ജയലളിത സർക്കാർ ഉത്തരവിട്ടു. പക്ഷെ സുപ്രീം കോടതി തീരുമാനം തടഞ്ഞു.തുടർന്ന് പേരറിവാളൻ ഗവർണർക്ക് ദയാഹർജി സമർപ്പിച്ചു.

2017 ൽ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിർണായക വെളിപ്പെടുത്തലാണ് പേരറിവാളന്റെ മോചനത്തിന് വഴിയൊരുക്കിയത്. എന്താവശ്യത്തിനാണ് വാങ്ങുന്നതെന്നറിയാതെയാണ് ബാറ്ററികൾ വാങ്ങിയതെന്ന പേരറിവാളന്റെ മൊഴി രേഖകളിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന ത്യാഗരാജൻ വെളിപ്പെടുത്തൽ പേരറിവാളന് അനുകൂലമായ വികാരം ഉളവാക്കാൻ ഇടയാക്കി. ചെയ്യാത്ത കുറ്റത്തിന് ദീർഘകാലം ജയിലിൽ കഴിയേണ്ടി വന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പല ഘട്ടങ്ങളിലായി കേസിലെ ഏഴ് പ്രതികളുടെ മോചനം തമിഴ്‌നാട് സർക്കാർ ആവശ്യപ്പെടുകയും ആവശ്യം മന്ത്രിസഭയുടെ തീരുമാനമായി ഗവർണർക്ക് കൈമാറുകയും ചെയ്തു.ഇതിനിടെ ഗഗവർണർ മാറി. പുതിയ ഗവർണറോട് സർക്കാർ ശുപാർശ ആവർത്തിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് കോടതി പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടു.

ഒരു കൊടും കുറ്റകൃത്യത്തിൽ അറിയാതെ പങ്കാളിയായി, തന്റെ യൗവ്വനകാലം മുഴുവൻ തടവറയിൽ കഴിയേണ്ടി വന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥയെ കുറിച്ച് എല്ലാ സൗകര്വവും സന്തോഷവും അനുഭവിക്കുന്നവർക്ക് മനസിലാക്കാനാവുമോ? കൺമുന്നിൽ പഠിച്ചു വളരേണ്ട, ജോലി നേടി, വിവാഹിതനായി തങ്ങൾക്ക് സന്തോഷം പകരേണ്ട മകന് വധശിക്ഷ ലഭിക്കുകയും പിന്നീട് ജീവപര്യന്തം തടവിൽ കിടക്കാൻ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ അയാളുടെ അമ്മയും അച്ഛനും അനുഭവിക്കുന്ന മാനസികവ്യഥയുടെ ആഴത്തെ കുറിച്ച് ചിന്തിച്ചറിയാനാവുമോ? ഇല്ല എന്നാണതിനുത്തരം.

മുപ്പതിലധികം കൊല്ലം ഓരോ ദിവസവും തന്റെ നിരപരാധിത്വം തെളിയുമെന്ന നേരിയ പ്രതീക്ഷയോടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് നിയമപോരാട്ടം നടത്തിയ പേരറിവാളന് ഇനിയുള്ള ജീവിതം സുഖകരമായിത്തീരട്ടെയെന്ന് ആശംസിക്കാം. തടവറയിലും പഠനത്തിൽ മികവ് പുലർത്തി നേടിയ എൻജിനീയറിങ് ഉൾപ്പെടെയുള്ള ബിരുദങ്ങൾ പേരറിവാളന് നല്ല ദിനങ്ങൾ നൽകട്ടെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →