കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജൻ എം.എൽ.എയെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ജന്മം കൊണ്ട് കോൺഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്നും സാബു എം. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.എന്തും വിളിച്ചുപറയുന്ന എം.എൽ.എയെ നിയന്ത്രിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു.
അദ്ദേഹത്തെ പാർട്ടി നിയന്ത്രിക്കണം. പാർട്ടി അച്ചടക്ക ലംഘനമാണ് ശ്രീനിജൻ നടത്തുന്നത്. നിയന്ത്രിക്കാൻ ആളില്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്നം.ട്വന്റി-20 യിൽ ആയിരുന്നുവെങ്കിൽ 24 മണിക്കൂറിനുള്ളിൽ അദ്ദേഹം പാർട്ടിക്ക് പുറത്ത് പോയിട്ടുണ്ടാവുമായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു. തൃക്കാക്കരയിൽ ട്വന്റി-20 യുടെ വോട്ട് ഇടതുമുന്നണിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് സാബു എം. ജേക്കബിനെ കളിയാക്കിക്കൊണ്ടുള്ള പി.വി ശ്രീനിജന്റെ കുന്നംകുളം മാപ്പ് പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

