ന്യൂഡല്‍ഹി: ഡല്‍ഹി മെഹറോളിയില്‍ തലയുയര്‍ത്തി നില്ക്കുന്ന കുത്തബ് മിനാര്‍ ക്ഷേത്രസമുച്ചയത്തിന്റെ സ്ഥാനത്താണു നിര്മിച്ചിരിക്കുന്നതെന്നു വാദിച്ച് ഡല്‍ഹി സാകേത് കോടതിയില്‍ ഹര്‍ജി. 27 ഹിന്ദു, െജെനക്ഷേത്രങ്ങളുള്ള സമുച്ചയം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി 24-നു പരിഗണിക്കാന്‍ മാറ്റി.ജൈന മൂര്‍ത്തിയായ ഋഷഭദേവ തീര്‍ഥങ്കര, വിഷ്ണു ഭഗവാന് എന്നിവരുടെ പേരിലാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ മത, സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പിനും സംരക്ഷണത്തിനും വേണ്ടിയും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കിയും ക്ഷേത്രസമുച്ചയം പുനഃസ്ഥാപിക്കണമെന്നു ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യയില്‍ അധിനിവേശം നടത്തിയ മുഹമ്മദ് ഗോറിയുടെ സേനാനായകനായിരുന്ന കുത്ബുദ്ദീന്‍ ഐബക്കിന്റെ നിര്‍ദേശാനുസരണമാണു ക്ഷേത്രസമുച്ചയം അശുദ്ധമാക്കിയും ഇടിച്ചുനിരത്തിയും അവിടെ കുത്തബ് മിനാറും ഖുവത്തുള് ഇസ്ലാം മസ്ജിദും നിര്‍മിച്ചതെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.ക്ഷേത്രനിര്‍മിതിയുടെ ഭാഗമായിരുന്ന വസ്തുക്കള്‍ കൊണ്ടാണു മോസ്ക് നിര്‍മിച്ചതെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭഗവാന് വിഷ്ണു, പരമശിവന്, ഗണപതി, സൂര്യദേവന്, ഹനുമാന്, ഗൗരീ ഭഗവതി, ഋഷഭദേവ തീര്ഥങ്കരന് തുടങ്ങിയവര്‍ക്കു യഥാര്‍ഥ ക്ഷേത്രസമുച്ചയത്തില്‍ പുനഃപ്രതിഷ്ഠിക്കപ്പെടാന് അവകാശമുണ്ടെന്ന വാദവും ഉന്നയിച്ചിട്ടുണ്ട്.
കുത്തബ് മിനാര്‍ ക്ഷേത്ര സമുച്ചയത്തില്‍; ഡല്‍ഹി കോടതിയില്‍ ഹര്‍ജി
