ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും സര്‍ക്കാറിന് അവധിയില്ല: മന്ത്രി പി പ്രസാദ്


കോവിഡ് മഹാമാരിയും തുടര്‍ച്ചയായ പ്രളയവും പ്രതിസന്ധി തീര്‍ത്തപ്പോഴും ജനങ്ങളുടെ ക്ഷേമകാര്യത്തിലും വികസനത്തിലും സംസ്ഥാന സര്‍ക്കാര്‍ അവധി പറഞ്ഞില്ലെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്ലാ മേഖലയിലും സമഗ്രമുന്നേറ്റമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കോവിഡിനെയും പ്രളയപ്രതിസന്ധികളെയും തരണം ചെയ്താണ് സര്‍ക്കാറിന്റെ മുന്നേറ്റം. കോവിഡ് ഏല്‍പ്പിച്ച ആഘാതങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ മറികടന്നു. പുതിയ കേരള സൃഷ്ടിക്കായി നാടിനെ മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ കാളവണ്ടി യുഗത്തെയല്ല മറിച്ച് ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഭാവി കേരളത്തെയാണ് സ്വപ്‌നം കാണേണ്ടത്. കേരളത്തില്‍ പ്രകൃതി സൗഹൃദ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികളും നടപടികളും സര്‍ക്കാര്‍ തുടരുകയാണ്. റോഡ്, റെയില്‍വെ രംഗത്ത് കേരളം ഏറെ മുന്നേറാനുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →