റവന്യൂ കായികോത്സവത്തിലെ രണ്ടാം ദിവസത്തിൽ ആവേശമുണർത്തി ബാഡ്മിന്റൺ, ക്രിക്കറ്റ് മത്സരങ്ങൾ. വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ15 ടീമുകൾ പങ്കെടുത്ത പുരുഷന്മാരുടെ ബാഡ്മിന്റൺ ഡബിൾസിൽ തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാരായ സുധീഷ്, പി എസ് ശരത് പ്രഭ എന്നിവർ ചേർന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം സ്ഥാനം മലപ്പുറം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാരായ അരുൺ ആർ നായർ, മെഹറലി എന്നിവർ നേടി. മൂന്നാം സ്ഥാനം കോട്ടയം കളക്ടറേറ്റിലെ പ്രശാന്ത്, പ്രദീപ് എന്നിവർ നേടി.
15 ടീമുകൾ പങ്കെടുത്ത മിക്സഡ് ഡബിൾസിൽ മലപ്പുറം കളക്ടറേറ്റിലെ അരുൺ ആർ നായർ, എ ആർ ഷീന എന്നിവർ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരായ സുധീഷ്, പ്രിയ എൻ എന്നിവർ രണ്ടാം സ്ഥാനവും പത്തനംതിട്ട കളക്ടറേറ്റിലെ കുഞ്ഞുമോൻ, ദീപ്തി എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
സ്ത്രീകളുടെ ബാഡ്മിന്റൺ ഡബിൾസിൽ മലപ്പുറം ജില്ല കളക്ടറേറ്റിലെ ഷീന, രാഖിമോൾ വി എസ് എന്നിവർ സ്വന്തമാക്കി. രണ്ടാം സ്ഥാനത്ത് കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരായ ദർശന ദാസ്, നിജില ബീഗം എന്നിവർ നേടി. 30 പേർ പങ്കെടുത്ത പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാരായ സുധീഷ് പി എസ് ഒന്നാം സ്ഥാനവും നിത്യൻ എൻ ക്യൂ രണ്ടാംസ്ഥാനവും നേടി. മലപ്പുറം കളക്ടറേറ്റിലെ അരുൺ ആർ നായരാണ് മൂന്നാം സ്ഥാനത്ത്.
30 പേർ മാറ്റുരച്ച സ്ത്രീകളുടെ സിംഗിൾ ബാഡ്മിന്റൺ മത്സരത്തിൽ പത്തനംതിട്ട കളക്ടറേറ്റിലെ ദീപ്തി എസ് ഒന്നാം സ്ഥാനവും മലപ്പുറം കളക്ടറേറ്റ് ഷീന എ ആർ രണ്ടാം സ്ഥാനവും കാസർകോട് കളക്ടറേറ്റ് ജീവനക്കാരി രമ്യ എം എ മൂന്നാം സ്ഥാനവും നേടി.
ജില്ലാതല മത്സരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന 14 ടീമുകളും ഒരു ഹെഡ്ക്വാർട്ടേഴ്സ് ടീമും അടങ്ങുന്ന 15 ടീമുകളാണ് ക്രിക്കറ്റ് മത്സരത്തിൽ മാറ്റുരച്ചത്. മഴ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ വിജയത്തിന് അരികിലേക്കുള്ള മത്സരം ഇനി പാലക്കാടും മലപ്പുറവും തമ്മിലാണ്. അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ നടന്ന സെമി ഫൈനലിൽ തൃശൂർ -പാലക്കാട്, കൊല്ലം- മലപ്പുറം ടീമുകളാണ് മത്സരിച്ചത്. ബിമൽ പി മഹേഷ്, സഞ്ജയ് ശ്രീകുമാർ, അഖിൽ പി, അതുൽ ബാബു, എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഫൈനൽ മത്സരങ്ങൾ അടുത്ത ദിവസം നടക്കും.

