തോമസ് കപ്പില്‍ ഇന്ത്യക്ക് കന്നിക്കിരീടം

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചാമ്പ്യന്‍മാരായി ഇന്ത്യ. 14 തവണ ജേതാക്കളായ നിലവിലെ ചാമ്പ്യന്‍ കൂടിയായ ഇന്തോനീഷ്യയെ 3-0 ത്തിനു തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്്.അഞ്ചു റൗണ്ടുകളുടെ െഫെനലില്‍ ആദ്യ മൂന്നും ജയിച്ചതോടെ ഇന്ത്യ കിരീടത്തിന് അവകാശികളായി. സിംഗിള്‍സ് താരങ്ങളായ ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവരും ഡബിള്‍സില്‍ സ്വാതിക്സായ്രാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും ഇന്ത്യക്കു വേണ്ടി ജയിച്ചു.സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിക്കും ഡബിള്‍സില്‍ കൃഷ്ണ പ്രസാദ് ഗാരാഗ – വിഷ്ണുവര്‍ഷന്‍ ഗൗഡ് പാഞ്ചാല സഖ്യത്തിനും മത്സരിക്കേണ്ടി വന്നില്ല. ക്വാര്‍ട്ടറിലും സെമിയിലും പ്രണോയുടെ മികവാണ് ഇന്ത്യയെ നയിച്ചത്. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് ആന്റണി സിനിസുക ഗിന്റിങിനെതിരേ നടന്ന ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ജയിച്ചതോടെ ഇന്ത്യ മുന്‍തൂക്കം നേടി. സ്‌കോര്‍: 8-15, 21-17, 21-16. കഴിഞ്ഞ ക്വാര്‍ട്ടര്‍, സെമി മത്സരങ്ങളില്‍ തോറ്റ ലക്ഷ്യ ഫോമിലേക്കു തിരിച്ചു വന്നു. ലോക അഞ്ചാം നമ്പര്‍ താരമായ ഗിന്റിങിനെ ചലിക്കാന്‍ അനുവദിക്കാതെയായിരുന്നു ലക്ഷ്യയുടെ നീക്കങ്ങള്‍. രണ്ടാമത്തേത് ഡബിള്‍സായിരുന്നു.

ഇന്ത്യയുടെ നമ്പര്‍ വണ്‍ ഡബിള്‍സ് ജോഡി സാത്വിക് – ഷെട്ടി സഖ്യം മുഹമ്മദ് അഹ്സാന്‍ – കെവിന്‍ സഞ്ജയ് സുകാമുജോ സഖ്യത്തിനെതിരേ തുടക്കത്തില്‍ സമ്മര്‍ദത്തിലായി. ആദ്യ ഗെയിം െകെവിട്ടെങ്കിലും രണ്ടാം ഗെയിമില്‍ അവര്‍ തിരിച്ചടിച്ചു. അവസാന ഗെയിമിലും മിന്നിത്തിളങ്ങിയതോടെ ഇന്ത്യ 2-0 ത്തിനു മുന്നിലായി. സ്‌കോര്‍: 18-21, 23-21, 21-19. രണ്ടാം സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജൊനാതന്‍ ക്രിസ്റ്റിയെയാണു നേരിട്ടത്. ശ്രീകാന്തിന്റെ തകര്‍പ്പന്‍ ഫോമിനു മുന്നില്‍ തകര്‍ന്ന ക്രിസ്റ്റി 48 മിനിറ്റ് കൊണ്ട് മത്സരം അവസാനിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →