മന്ത്രി വീണാ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ അതിരൂക്ഷമായി വിമർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് എം.എൽ.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികവുമായി ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം വാർത്തയായിരുന്നു. ഈ ചടങ്ങിൽ അധ്യക്ഷനായി ചിറ്റയത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, താൻ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

‘യു.ഡി.എഫ്. സർക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. തിരിച്ചുവിളിക്കാറുമില്ല. ഒരുപാട്‌ തവണയായി ഇതേ അനുഭവമാണ്. അതിനാൽ ഞാൻ ഇപ്പോൾ മന്ത്രിയെ വിളിക്കാറില്ല. സർക്കാർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാർഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എം.എൽ.എ.മാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിർവഹിച്ചില്ല’-ചിറ്റയം പറഞ്ഞു ഇക്കാര്യം സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് അടൂരിലെ സി.പി.ഐ. എം.എൽ.എ. കൂടിയായ ചിറ്റയത്തിന്റെ തുറന്നുപറച്ചിലെന്നാണ് അറിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →