മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 16 ഓവറില്‍ 97 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സും ബാറ്റിങ് തകര്‍ച്ച നേരിട്ടു. തിലക് വര്‍മയുടെ (32 പന്തില്‍ നാല് ഫോറുകളടക്കം പുറത്താകാതെ 34) ഇന്നിങ്സാണ് അവരെ രക്ഷിച്ചത്. കളി തീരാന്‍ 31 പന്തുകള്‍ ശേഷിക്കേയായിരുന്നു മുംബൈയുടെ ജയം. ഇരുടീമുകളും പ്ലേ ഓഫ് കടക്കില്ലെന്ന് ഉറപ്പായിരുന്നു. ഇഷാന്‍ കിഷന്‍ (ആറ്), നായകന്‍ രോഹിത് ശര്‍മ (14 പന്തില്‍ 18), ഡാനിയേല്‍ സാംസ് (ഒന്ന്), കന്നി ഐ.പി.എല്‍. കളിക്കുന്ന ട്രിസ്റ്റാന്‍ സ്റ്റബ്സ് (0), ഹൃത്വിക് ഷോകീന്‍ (18) എന്നിവര്‍ പുറത്തായെങ്കിലും തിലക് വര്‍മ ടീമിന് 15-ാം സീസണിലെ മൂന്നാം ജയം സമ്മാനിച്ചു.

നായകന്‍ എം.എസ്. ധോണിയുടെ (33 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം പുറത്താകാതെ 36) ഒറ്റയാള്‍ പോരാട്ടത്തിന് ചെന്നൈയെ നൂറ് കടത്താന്‍ സാധിച്ചില്ല. ഡാനിയേല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ (0), മൊയീന്‍ അലി (0) എന്നിവര്‍ പുറത്തായി. ഐ.പി.എല്ലില്‍ ചെന്നൈയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്. പവര്‍പ്ലേയില്‍ തന്നെ ചെന്നൈയുടെ കാര്യം തീരുമാനമായി. ഏഴ് ഓവറിനുള്ളില്‍ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ചെന്നൈ നഷ്ടപ്പെടുത്തി. സഹതാരങ്ങളില്‍നിന്നു ധോണിക്കു കാര്യമായ പിന്തുണ ലഭിച്ചില്ല. ഡ്വെയ്ന്‍ ബ്രാവോ (12), അമ്പാട്ടി റായിഡു (10), ശിവം ദുബെ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. മുംബൈയ്ക്കായി ഡാനിയേല്‍ സാംസ് മൂന്നു വിക്കറ്റുകളെുത്തു. ഇതില്‍ രണ്ടും ആദ്യ ഓവറിലായിരുന്നു. റിലേ മെറെഡിത്തും കുമാര്‍ കാര്‍ത്തികേയയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, രമണ്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

ഇന്നിങ്സിലെ രണ്ടാമത്തെ പന്തില്‍ തന്നെ ചെന്നൈയുടെ വിക്കറ്റ് വീഴ്ച തുടങ്ങി. മികച്ച ഫോമിലുള്ള ഡെവന്‍ കോണ്‍വേയെ സാംസ് വിക്കറ്റിനു മുന്നില്‍ കുരുക്കി. പവര്‍കട്ട് കാരണം കോണ്‍വേയ്ക്കു റിവ്യു എടുക്കാനായില്ല. ഓവറിലെ നാലാമത്തെ പന്തില്‍ മോയിന്‍ അലിയും പുറത്തായതോടെ സി.എസ്.കെ. ഞെട്ടി. സാംസിന്റെ ബൗണ്‍സറിനെ പുള്‍ ഷോട്ട് കളിച്ച അലിയെ റിത്വിക് ഷോകീന്‍ പിടികൂടി. രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്തില്‍ റോബിന്‍ ഉത്തപ്പയെ (ഒന്ന്) ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി. സാംസ് എറിഞ്ഞ അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ ബാറ്റ് വച്ച് ഋതുരാജ് ഗെയ്ക്വാദിനെ (ഏഴ്) വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പിടികൂടിയതോടെ ചെന്നൈ നാലിനു 17 എന്നനിലയിലേക്കു കൂപ്പുകുത്തി. 10 റണ്ണിന്റെ വ്യത്യാസത്തില്‍ അമ്പാട്ടി റായുഡു, ശിവം ദുബെ എന്നിവരും പുറത്തായത്തോടെ ചെന്നൈ ആറിനു 36 റണ്ണെന്ന നിലയിലായി. ഏഴാം വിക്കറ്റല്‍ ധോണി- ബ്രാവോ സഖ്യം ചേര്‍ന്നെടുത്ത 39 റണ്ണാണ് ഇന്നിങ്സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ബ്രാവോ പുറത്തായതോടെ അവസാന പ്രതീക്ഷ അസ്തമിച്ചു.കെയ്റോണ്‍ പൊള്ളാഡിനെ ഒഴിവാക്കിയാണ് മുംബൈ ഇറങ്ങിയത്. പകരം ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്സിനെ കളിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →