എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് തയാറാക്കിയ എന്റെ കേരളം തീം പവലിയന്‍. കേരളത്തിന്റെ ചരിത്രവും കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പവലിയനും കേരളത്തിലെ തനത് കലാരൂപങ്ങളും വിനോദസഞ്ചാര മേഖലകളുടെ ദൃശ്യങ്ങളും തീര്‍ത്ഥാടന ജില്ല എന്നറിയപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ മന്ത്രിസഭയെ നയിക്കുന്ന പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാള്‍ സെല്‍ഫി പോയിന്റായി മാറിക്കഴിഞ്ഞു. വളര്‍ച്ചയുടെ പരിണാമ ദിശകള്‍… വിവിധ മേഖലയില്‍ കേരളം കണ്ട ഏറ്റവും വലിയ മാറ്റങ്ങളാണ് ഈ സ്റ്റാളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്.
ലോകനിലവാരത്തില്‍ എത്തിയ ആരോഗ്യസംരക്ഷണ മാതൃകയുടെ നേട്ടങ്ങളും ഓര്‍മ്മയിലെ ഓല മേഞ്ഞ വീട് മുതല്‍ ആധുനികതയുടെ വീടകങ്ങള്‍ വരെയും കറുപ്പും വെളുപ്പും നിറഞ്ഞ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയ സിനിമാലോകത്തെ കാഴ്ചകളും നിലത്തെഴുത്തു നിന്നും ലാപ്‌ടോപ്പിലേക്ക് നീങ്ങുന്ന നമ്മുടെ വിദ്യാഭ്യാസമേഖലയുടെ കുതിപ്പും വിവാഹത്തിന് പുതുവഴികള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളും കടയും കച്ചവട കാലങ്ങളിലൂടെ വന്ന മാറ്റങ്ങളും ജലയാന ചരിത്രത്തിന്റെ കൈവഴികളും മാറിമറിഞ്ഞ മലയാളിയുടെ സംസ്‌കാര ചരിത്രം മുതല്‍ ഒരു ജനത ജനാധിപത്യത്തെ അറിഞ്ഞ നിമിഷങ്ങളുടെ ചരിത്രവും മാറിയ ശീലങ്ങളും വൈവിധ്യമാര്‍ന്ന ആചാരങ്ങളുടെ നേര്‍ കാഴ്ചയ്‌ക്കൊപ്പം ഇപ്പോഴത്തെ വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കുന്ന സേവ് ദി ഡേറ്റ് വരെയുള്ള ഈ കാലത്തെ തലമുറ മാറ്റത്തെ വരെ പ്രതിഫലിച്ചിരുന്നു. ഒപ്പം ആവി യന്ത്രത്തില്‍ നിന്നും അതിവേഗത്തിലേക്ക് കുതിക്കാന്‍ തയാറാക്കുന്ന കേരളത്തിന്റെ സ്വപ്നസാക്ഷാത്കാര പദ്ധതിയായ കെ റെയില്‍ പദ്ധതിയുടെ ചിത്രങ്ങള്‍ വരെ എത്തി നില്‍ക്കുന്ന മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
മലയാളത്തിനും ഒരു സ്റ്റാള്‍… മലയാള സാഹിത്യ ലോകത്തിന് എന്നും അഭിമാനം ആകുന്ന സാഹിത്യകാരന്മാരുടെ ചിത്രങ്ങളും അവരുടെ സൃഷ്ടികളുടെ ചിത്രങ്ങളും ഈ പവലിയനില്‍ ആലേഖനം ചെയ്തിരിക്കുന്നു. പ്രാചീന ആധുനിക കവിത്രയങ്ങളുടെ പേര് വിവരങ്ങളും പുതുതലമുറയിലെ സാഹിത്യകാരന്മാരുടെ കഥാ സൃഷ്ടികളുടെയും സാഹിത്യ ലോകത്തിനു സമ്മാനിച്ച സൃഷ്ടികളുടെ വിവരങ്ങളും ഇവിടെ ലഭ്യമാണ്.
മലയാളത്തിലെ മുന്‍നിര എഴുത്തുകാരില്‍ ഏറ്റവും പ്രമുഖനായ എം ടി വാസുദേവന്‍ നായര്‍ വിവരിച്ച വര്‍ണ്ണനകളും മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ എന്ന പോസ്റ്ററില്‍ മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആധ്യാത്മരാമായണം കിളിപ്പാട്ട് എന്ന കൃതിയിലൂടെ മലയാളത്തിലെ സാഹിത്യ പരമ്പരക്ക് തുടക്കം കുറിച്ചത് മുതല്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം സാമൂഹ്യ വിമര്‍ശന നാടകങ്ങളുടെ പട്ടികയില്‍ പെടുന്നവരെയുള്ള കുറിപ്പുകള്‍ ഇവിടെ വായിക്കാം.
എന്റെ കേരളം പവലിയനില്‍ സ്ത്രീശാക്തീകരണം, ലിംഗനീതി, പാര്‍പ്പിടം, വയോജന സംരക്ഷണം, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും. കിഫ്ബി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കേരള പുനര്‍നിര്‍മ്മാണം, ഹരിത കേരളം ഇവയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായകരമാകുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രധാന തടസം പണമായിരുന്നു.
അതിന് പരിഹാരമായാണ് കിഫ്ബിക്ക് രൂപം നല്‍കിയത്. സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ചത്.
ഈ മിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത് ടെക്‌നോളജി സംരംഭകത്വത്തിന്റ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യമായ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി നയ രൂപീകരണമാണ് സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടമായിരുന്നു രണ്ടു പ്രളയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍. അവയെ അതിജീവിക്കുന്നതിന് സംസ്ഥാനം കാട്ടിയ ഒരുമയും കരുത്തും ലോകപ്രശസ്തി പിടിച്ചു പറ്റി. ഈ പ്രതിസന്ധിയെ മറികടന്ന് സമസ്തമേഖലകളെയും പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പുനര്‍നിര്‍മ്മാണം എന്ന ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്.
സര്‍ക്കാരിന് ഏറ്റവും വലിയ ലക്ഷ്യമാണ് ഹരിതകേരളം പദ്ധതി. പ്രകൃതിയെ മുന്‍നിര്‍ത്തിയുള്ള വികസന മാതൃകയാണ് ഹരിത കേരളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌കരണം, മണ്ണ്-ജല സംരക്ഷണം, ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനമെന്ന മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരള മിഷന്‍. സംരംഭക സൗഹൃദ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ആണ്.
മികവ് ആരോഗ്യരംഗത്തും… ആരോഗ്യത്തെക്കുറിച്ച് നീതിആയോഗ് നടത്തി വിലയിരുത്തല്‍ കേരളം തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥലത്ത് എത്തിയിരുന്നു വികസിത രാജ്യങ്ങള്‍ പോലും അമ്പരിപ്പിക്കുന്ന രീതിയിലാണ് ആരോഗ്യരംഗത്ത് കേരളത്തിലെ വളര്‍ച്ച ഇതിനായി സര്‍ക്കാരിന്റെ ഇടപെടലും പിന്തുണയും കൂടുതല്‍ പ്രേരകശക്തികളായി കരുത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. ഈ ലോകം തന്നെ ഭയന്നുവിറച്ച് കോവിഡ് മഹാമാരിയില്‍ പല വികസിത രാജ്യങ്ങളും പകച്ചു പോയപ്പോള്‍ മികച്ച സേവനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഒരുക്കി സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് തുണയായി മാറുകയായിരുന്നു കേരളത്തിലെ ആരോഗ്യരംഗം. വികസിതരാജ്യങ്ങളില്‍ മരണനിരക്ക് കൂടിയപ്പോള്‍ കേരളത്തില്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തി. കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാനസിക സാമൂഹ്യ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതും ഇതില്‍ വിവരിക്കുന്നു.
തൊഴിലന്വേഷകരുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും ആഗോളതലത്തിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായിസംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ എക്‌സലന്‍സ് വഴി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന പവലിയനില്‍ സാമൂഹിക പുരോഗതിയുടെ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നില്‍ നെടുനാളത്തെ പോരാട്ടങ്ങളുടെ സമ്പന്നമായ ചരിത്രം ഉണ്ടെന്നും സാമുദായിക പരിഷ്‌കരണങ്ങളും മാറ്റത്തിന്റെ തിരയടി ഓരോ സമുദായത്തിനുള്ളില്‍ നിന്നുതന്നെ ഉണ്ടാവണമെന്ന് അവബോധവുമാണ് കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായത് എന്ന് പറയുന്നു. കേരളത്തില്‍ നടന്ന പ്രമുഖ സമരങ്ങളുടെ ദൃശ്യ വിരുന്നും ഒരുക്കിയിട്ടുണ്ട്.