കൊച്ചി: എം.വി.എഫിഷ്യന്‍സി എന്ന പനാമ കപ്പലില്‍ സീമാനായ ആറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ രവീന്ദ്രനെ കാണാതായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി . മകനെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റീസ് ടി.ആര്‍ രവിയുടേതാണ് ഉത്തരവ്. ഹര്‍ജി 2022 മെയ് 13 വെളളിയാഴ്‌ച വീണ്ടും പരിഗണിക്കും.
ടുണീഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് അര്‍ജുനെ കാണാതാവുന്നത്. അവിടെനിന്ന് ഒരാളുടെ മൃതദേഹം കിട്ടിയെന്ന് വ്യക്തമാക്കി കപ്പല്‍ കമ്പനി അധികൃതരില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതായി ഹര്‍ജിക്കാരന്‍ അറിയിച്ചു. വെളളത്തില്‍ കമിഴ്‌ന്നുകിടക്കുന്ന ഒരു മൃതദേഹത്തിന്‍രെ ചിത്രവും ഇതോടൊപ്പമുണ്ടായിരുന്നു. അര്‍ജുനെ കാണാതായെന്നുപറയപ്പെടുന്ന സ്ഥലത്ത് മറ്റൊരു ബോട്ടപകടം ഉണ്ടായിട്ടുണ്ട് ഈ സാഹചര്യത്തില്‍ ആളെ തിരിച്ചറിയേണ്ടതുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ഹര്‍ജിക്കാരന്‍രെ അഭിഭാഷക ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തലത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൃതദേഹം സംസ്‌കരിക്കണോ ,പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച് കപ്പല്‍ കമ്പനിയുടെ മറ്റൊരു സന്ദേശംകൂടി ഹര്‍ജിക്കാരന് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമാക്കിയുളള സിനസ്‌ത മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പല്‍ കമ്പനി മുഖേന 2022 മാര്‍ച്ച് 18നാണ് അര്‍ജുന്‍ കപ്പലില്‍ ജോലിക്കുകയറിയത്. കപ്പലിലെ ബോസണ്‍ പദവിയിലുളള ഉദ്യോഗസ്ഥന്‍ തന്നെ മാനസികമായും ശാരിരികമായും ഉപദ്രവിക്കകുയാണെന്ന് അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ പരാതിപ്പെട്ടിരുന്നു. ഏപ്രില്‍ 27ന് രാവിലെ 9 മണിയോടെ അര്‍ജുനെ കപ്പലില്‍ നിന്ന് കാണാതായെന്ന് കപ്പല്‍ കമ്പനി രവീന്ദ്രനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.