ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിന് മോപ്പ് അപ്പ് കൗണ്‍സലിങ് തുടങ്ങും മുമ്പ് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പുതിയ രജിസ്ട്രേഷന്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള എന്‍.ആര്‍.ഐ. വിദ്യാര്‍ഥികളുടെ പ്രത്യേക അവധി ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.
കേരള സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ റിട്ട് ഹര്‍ജി കേരള ഹൈക്കോടതി തള്ളിയതിനെതിരേയുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ബെലാ ത്രിവേദിയും അടങ്ങുന്ന ബെഞ്ച് വാദം കേട്ടത്. എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള സമയപരിധി അവസാനിച്ചെന്നും ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പുതിയ രജിസ്ട്രേഷന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നിരസിച്ചത്.

