ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, അക്രമം, കര്‍ഫ്യൂ

ജയ്പൂര്‍: ഈദ് ദിനത്തിലും തലേരാത്രിയിലും രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കല്ലേറും കൂടുതല്‍ അക്രമസംഭവങ്ങളും കൂടുതല്‍ പ്രദേശങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് ബലപ്രയോഗത്തിലൂടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെ ഉദയ് മന്ദിര്‍, നാഗോരി ഗേറ്റ്, ഖണ്ഡ പല്‍സ, പ്രതാപ് നഗര്‍, ദേവ് നഗര്‍, സൂര്‍ നഗര്‍, സര്‍ദാര്‍പുര എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നത് ഒഴിവാക്കാന്‍ ജോധ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തിട്ടുണ്ട്. ഈദ് നമസ്‌കാരം പോലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ജോധ്പുര്‍ സ്വദേശി കൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് സമാധാനത്തിന് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ച മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ മാര്‍ഗം ജോധ്പുരിലേ
ക്ക് അയച്ചിട്ടുണ്ട്. ജയ്പുരില്‍ മൂന്നുദിവസത്തെ പരശുരാം ജയന്തിആഘോഷങ്ങളും നടന്നുകൊണ്ടിരിക്കുകയായിരുന്നു.

മതചിഹ്നങ്ങള്‍ ഉള്ള കൊടികള്‍ സ്ഥാപിച്ചതു സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വലിയ തര്‍ക്കം സംഘര്‍ഷത്തിലേക്കു വഴിമാറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. കല്ലേറില്‍ കുറഞ്ഞത് അഞ്ചുപോലീസുകാര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ആഘോഷങ്ങളുടെ പേരില്‍ ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണു രാജസ്ഥാനിലേത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →