മരിക്കാത്ത വയോധികനെ ശവപേടകത്തില്‍ തള്ളി; ചൈനയില്‍ വന്‍ ജനരോഷം

ഷാന്‍ഹായ്: മരിച്ചുവെന്നു കരുതി ശവപേടകത്തില്‍ തള്ളിയ വയോധികന് ജീവനുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ചൈനയില്‍ ഒരു ഡോക്ടര്‍ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി. ഷാന്‍ഹായിയിലെ കെയര്‍ ഹോമിലായിരുന്നു സംഭവം. ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. മോര്‍ച്ചറിജീവനക്കാര്‍ എന്നു തോന്നിക്കുന്ന രണ്ടുപേര്‍ ശവം സൂക്ഷിക്കുന്ന ബാഗ് ഒരു വാഹനത്തിലേക്കു കയറ്റിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. പിന്നീടവര്‍ ബാഗ് തുറക്കുന്നതും രോഗിക്കു ജീവനുണ്ടെന്നു വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. വിവാദം സാമൂഹികമാധമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ പ്രാദേശിക ഭരണാധികള്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആശുപത്രിയിലായിരിക്കുമ്പോള്‍ രോഗി അപകടനിലയിലായിരുന്നില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ആശുപത്രി ഡയറക്ടര്‍, ലോക്കല്‍ സിവില്‍ അഫയേഴ്സ് ഡെപൂട്ടി ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ നാലു പേര്‍ക്കെതിരേ നടപടിയുണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

2.5 കോടി ആളുകള്‍ അധിവസിക്കുന്ന ഷാന്‍ഹായ് നഗരത്തില്‍ കോവിഡ് വ്യാപനം തടയാനുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. അത്യാവശ്യ കാര്യത്തിനുപോലും പുറത്തിറങ്ങാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ഒരുവശത്ത് ജനരോഷം പുകയുമ്പോള്‍ മറുവശത്ത് രോഗികളെയും സമ്പര്‍ക്കമുള്ളവരെയും നിര്‍ബന്ധപൂര്‍വം ക്വാറെന്റെന്‍ സെന്ററിലേക്കു കൊണ്ടുപോകുന്ന അവസ്ഥയാണ്. പോലീസും ജനങ്ങളും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരന്തരം പുറത്തുവരുന്നുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ കോവിഡ് വ്യാപനം ക്രമാതീതമായി കൂടിയിരിക്കുകയാണിപ്പോള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →