കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
കേരള നിയമസഭയിൽ എംഎൽഎമാരുടെ എണ്ണം നൂറിലെത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടിയായിരിക്കും വോട്ട് ചോദിക്കുകയെന്നും പി രാജീവ് പറഞ്ഞു. കെ റയിൽ പ്രചാരണ വിഷയമാക്കാനാണ് സിപിഎം തീരുമാനം. യുഡിഎഫിന് മേൽക്കോയ്മയുള്ള മണ്ഡലമാണ്, എന്നാൽ ഇത്തവണ മണ്ഡലം പിടിക്കണം എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഉന്നത നേതാക്കളുമായുള്ള ആശയവിനിമയത്തിൽ അതിന് കഴിയുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്നും രാജീവ് പറഞ്ഞു.
രണ്ടാഴ്ച മുൻപ് മുന്നണി കൺവീനറായി ചുമതലയേറ്റെടുത്ത ഇപി ജയരാജൻ നേരിട്ട് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കും. മന്ത്രി പി രാജീവും സെക്രട്ടേറിയറ്റംഗം എം സ്വരാജും മുഴുവൻ സമയം മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായ എതിർപ്പ് മുന്നണിക്കും സർക്കാരിനുമെതിരെ നിൽക്കുമ്പോൾ വികസന വിഷയം തന്നെ മുന്നോട്ട് വെക്കാനുള്ള ധൈര്യവും സിപിഎം കാണിക്കുന്നുവെന്ന് പി രാജീവ് പറയുന്നു.
നഗര കേന്ദ്രീകൃത മണ്ഡലത്തിൽ വികസന അജണ്ടക്ക് പ്രാധാന്യം കിട്ടുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഉടക്കി നിൽക്കുന്ന കെവി തോമസ് ഘടകം, യുഡിഎഫിലെ സ്ഥാനാർഥി നിർണയം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ, ട്വന്റി ട്വന്റി – ആപ് സംയുക്ത സ്ഥാനാർഥി നീക്കം ഇതെല്ലാം പരമാവധി തങ്ങൾക്ക് ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷ. തൃക്കാക്കരയുടെ വികസനത്തിനായി സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുന്നയാളെ വേണോ അതോ വികസനത്തിന് എതിര് നിൽക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് വോട്ടർമാർക്ക് മുന്നിൽ ഇടതുപക്ഷം വെക്കുന്നത്

