മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി വീണു. ബോംബെ സൂചിക 56,819 ലും നിഫ്റ്റി 17,038 ലും വ്യാപാരം അവസാനിപ്പിച്ചു. കനത്ത വില്‍പ്പന സമ്മര്‍ദത്തിനു പുറമേ യുക്രൈന്‍ പ്രതിസന്ധിയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു. യൂറോപ്പിനുള്ള പ്രകൃതിവാതക വില്‍പ്പന അവസാനിപ്പിക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പുതിയ ഭീഷണിയാണ് വിപണിക്ക് വിനയായത്.
സെന്‍സെക്സ് 537.22 പോയന്റ് താഴ്ന്ന് 56,819.39 ലും നിഫ്റ്റി 162.40 പോയന്റ് നഷ്ടത്തില്‍ 17,038.40 ലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം രാജ്യാന്തര വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന വലിയിരുത്തലിനു പുറമേ കോവിഡ് കേസുകളിലെ വര്‍ധനയും നിക്ഷേപകരുടെ ഉത്സാഹം കെടുത്തി. അതിനിടെ, സൂചികകള്‍ നഷ്ടംനേരിട്ടെങ്കിലും വിപണിമൂല്യത്തില്‍ റിലയന്‍സ് റെക്കോഡ് നേട്ടമുണ്ടാക്കി. രാജ്യത്തെ മൂലധന വിപണിയില്‍ 19 ലക്ഷംകോടി രൂപ വിപണിമൂല്യം പിന്നിടുന്ന ആദ്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്നലത്തെ വ്യാപാരത്തിനിടെ ഓഹരി വില രണ്ടുശതമാനം കുതിച്ച് 2,827.10 എന്ന പുതിയ ഉയരത്തിലെത്തിയതോടെയാണിത്. ബി.എസ്.ഇയിലെ കണക്കുകള്‍ പ്രകാരം 19.02 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. സെന്‍സെക്സ് 500 പോയന്റിലധികം ഇടിഞ്ഞിട്ടും റിലയന്‍സില്‍ കുതിപ്പുണ്ടായത് ശ്രദ്ധേയാണ്.
കഴിഞ്ഞ ഏഴു വ്യാപാര ദിനങ്ങളിലായി റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനം ഉയര്‍ച്ചയുണ്ടായി. ഇക്കഴിഞ്ഞ 18 ന് റിലയന്‍സ് ഓഹരി വില 2,544 രൂപ മാത്രമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തിയിട്ടും ബജാജ് ഫിനാന്‍സ് ഓഹരികള്‍ കൂപ്പുകുത്തി. ഏഴു ശതമാനം ഇടിവാണ് ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേരിട്ടത്. ഇതിനു പുറമേ ബജാജ് ഫിന്‍സര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, അദാനി പോര്‍ട്സ്, ഐ.സി.ഐ.സി.ഐ. ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ടി.സി.എസ്. തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.

