ബംഗളൂരു : കര്‍ണാടകയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ ഹിജാബിന്റെ പേരില്‍ വീണ്ടും പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയച്ചതോടെ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ആറ് വിദ്യാര്‍ത്ഥിനികളാണ് 2022 ഏപ്രില്‍ 25 തിങ്കളാഴ്‌ച പരീക്ഷ ബഹിഷ്‌ക്കരിച്ചത്.
ഇക്കണോമിക്‌സ് പരീക്ഷയാണ് 25/04/22 തിങ്കളാഴ്‌ച നടന്നത്. ഹിജാബ് ധരിച്ചത്തിയ വിദ്യാര്‍ത്ഥിനികള്‍ ഇന്‍വിജിലേറ്റര്‍മാരോട് ക്ലാസുകളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഏപ്രില്‍ 22 വെളളിയാഴ്‌ച മുതലായിരുന്നു രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ആരംഭിച്ചത്. ആദ്യ ദിനത്തില്‍തന്നെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ ആലിയാ ആസാദി, റേഷ്‌മം എന്നിവരാണ് പരീക്ഷകള്‍ ബഹിഷ്‌ക്കരിച്ചത്.