ഹൈദരാബാദ്: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗിക വസതിയില്‍ ക്യാമ്പുചെയ്യുന്നത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെ, ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) രാഷ്ട്രീയ ഉപദേശത്തിന് ഐ-പാക്ക് എന്ന കണ്‍സള്‍ട്ടന്റുമായി ധാരണയില്‍ ഒപ്പുവച്ചു. പ്രശാന്ത് കിഷോര്‍ മുമ്പ് നയിച്ചിരുന്ന സ്ഥാപനമാണിത്.കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള നിര്‍ണായക യോഗത്തിനു മുമ്പാണ് പ്രശാന്ത് കിഷോര്‍ ടി.ആര്‍.എസ്. തട്ടകത്തിലെത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള നയരൂപീകരണത്തിനാണ് പ്രശാന്ത് കിഷോര്‍ ആ പാര്‍ട്ടിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നത്. ഇതുവരെ മൂന്നു കൂടിക്കാഴ്ചകള്‍ നടന്നു. കോണ്‍ഗ്രസിന്റെ വിജയത്തിനായി ചില സാരോപദേശങ്ങളും നല്‍കി.
തീരുമാനമെടുക്കാന്‍ മേയ് രണ്ടു വരെയാണ് കോണ്‍ഗ്രസിന് സമയം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും ഉന്നത നേതാക്കളും ഉള്‍പ്പെടെയുള്ളവരുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു നിര്‍ണായകയോഗം ചേരാനിരിക്കുകയാണ്.
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹവും ഇതിനിടെ ഉയര്‍ന്നു. തെലങ്കാനയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. അതിനാല്‍ ചന്ദ്രശേഖര്‍ റാവുവുമായുള്ള പ്രശാന്ത് കിഷോറിന്റെ ചര്‍ച്ചകള്‍ക്ക് അതീവ പ്രാധാന്യമാണ് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ തന്നെ സഹായിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു നേരത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഭരണപക്ഷത്തിനുവേണ്ടിയും പ്രതിപക്ഷത്തിനുവേണ്ടിയും ഒരേസമയം തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോറിന് എങ്ങനെ കഴിയും എന്നതാണ് കൗതുകകരം.
ചുമതലകള്‍ തന്റെ ടീമിനെ ഏല്‍പ്പിച്ച് തെലങ്കാന രാഷ്ട്രസമിതിയുടെ കാര്യങ്ങളില്‍നിന്ന് പ്രശാന്ത് വിട്ടുനില്‍ക്കുമെന്നായിരുന്നു ചിലരുടെ അനുമാനം. ഐ-പാക്കുമായി ധരണയില്‍ ഒപ്പുവച്ചതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി. അതേസമയം, ടി.ആര്‍.എസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി ആശയവിനിമയം നടത്തിയെന്നും പറയപ്പെടുന്നു.
കോണ്‍ഗ്രസോ ടി.ആര്‍.എസോ ഇതില്‍ തൃപ്തരല്ല. ചന്ദ്രശേഖര്‍ റാവുവിന്റെ കടുത്ത വിമര്‍ശകനാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി. റാവുവും പ്രശാന്ത് കിഷോറും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുകളും ഉയരുന്നുണ്ട്.
എന്തായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടാക്കാന്‍ പരിശ്രമിക്കുന്ന ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസിന്റെ കാര്യത്തില്‍ എന്തു നിലപാടെടുക്കുമെന്ന് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

