റിലയന്‍സ് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എണ്ണശുദ്ധീകരണത്തില്‍ മുന്‍പന്തിയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യയുടെ യുക്രൈന്‍ ആക്രമണം തുടങ്ങിയശേഷം 15 ദശലക്ഷം വീപ്പ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്. ജൂണ്‍ പാദംവരെ പ്രതിമാസം ശരാശരി 5 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍നിന്നു മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇറക്കുമതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. യുക്രൈന്‍ അധിനിവേശത്തിനു മുമ്പുവരെ ഇന്ത്യന്‍ എണ്ണ സംസ്‌കരണ വമ്പന്മാര്‍ റഷ്യയോട് മുഖംതിരിച്ചു നിന്നിരുന്ന സമീപനത്തിനാണ് യുദ്ധം തുടങ്ങിയതോടെ മാറ്റം വന്നിരിക്കുന്നത്. ചെലവേറിയതായതിനാല്‍ നാമമാത്രമായാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, യുക്രൈന്‍ അധിനിവേശാനന്തരം സ്ഥിതി മാറി. രാജ്യാന്തരതലത്തില്‍ ഉപരോധം അടക്കമുള്ളവ പ്രാബല്യത്തിലായതോടെ റഷ്യന്‍ എണ്ണയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇതോടെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് കളംപിടിക്കാനായി റഷ്യന്‍ ശ്രമം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു വിലകുറച്ച് ക്രൂഡോയില്‍ നല്‍കാമെന്നാണു വാഗ്ദാനം. വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ത്തന്നെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും റഷ്യയിലേക്കു കണ്ണെറിഞ്ഞതെന്നു വ്യക്തം.

ഈമാസം അഞ്ചിനും അടുത്ത ഒന്‍പതിനും ഇടയില്‍ കുറഞ്ഞത് എട്ടു ദശലക്ഷം വീപ്പ അസംസ്‌കൃത എണ്ണ റഷ്യയില്‍നിന്ന് റിലയന്‍സിന്റെ സംസ്‌കരണ ശാലകളില്‍ എത്തുമെന്നാണു റിപ്പോര്‍ട്ട്. റഷ്യന്‍ വമ്പനായ ലിറ്റാസ്‌കോയില്‍നിന്നാണ് ഇറക്കുമതി കൂടുതലും. ഏഷ്യ-പസഫിക്ക് വിപണിയിലേക്ക് ക്രൂഡോയില്‍ എത്തിക്കുന്ന ഇ.എസ്.പി.ഒയില്‍നിന്നുള്ള ആദ്യപാഴ്സല്‍ മേയ് ആദ്യവാരം എത്തിയേക്കും.
ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സിനു രണ്ട് എണ്ണ സംസ്‌കരണ ശാലകളുണ്ട്. പ്രതിദിനം 1.4 ദശലക്ഷം എണ്ണ സംസ്‌കരിക്കാനുള്ള ശേഷിയുള്ളതാണ് ഇവ. ലോകത്തിലെ എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. പ്രതിദിനം അഞ്ചു ദശലക്ഷം ബാരല്‍ എണ്ണയാണ് രാജ്യത്തിന് ആവശ്യം. ഇതിന്റെ എണ്‍പത്തഞ്ചു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →