മഞ്ചേരി: നിലവിലെ റണ്ണേഴ്‌സായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാന്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം.ആദ്യാവസാനം വരെ ഉശിരുള്ള പോര് തീര്‍ത്ത കേരളം കളിയില്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് പഞ്ചാബിനെ വീഴ്ത്തിയത്. 12ാം മിനുട്ടില്‍ മന്‍വീര്‍ സിംഗിലൂടെ പഞ്ചാബാണ് ആദ്യ ഗോള്‍ നേടിയത്. നായകന്‍ ജിജോ ജോസഫിലൂടെ രണ്ട് ഗോള്‍ തിരിച്ചടിച്ച കേരളം അവസാന നാലില്‍ ഇടം നേടി. ഈ മാസം 28ന് വൈകിട്ട് എട്ടിന് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ കേരളം ഗ്രൂപ്പ് ബി റണ്ണേഴ്‌സുമായി ഏറ്റുമുട്ടും. തോല്‍വിയോടെ പഞ്ചാബിന്റെ സെമി പ്രവേശനം തുലാസിലായി.