തിരുവനന്തപുരം: പട്ടികജാതിക്കാർക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റുകയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രസർക്കാർ നൽകുന്ന പദ്ധതികൾ കേരളത്തിലെ പട്ടികജാതിക്കാരിൽ എത്താതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. ബി.ജെ.പി. പട്ടികജാതി മോർച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
2022 ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് ഭാരതീയ ജനതാ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ പട്ടിക വിഭാഗ സമൂഹം പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന്റെ പട്ടികവിഭാഗക്ഷേമ പദ്ധതികൾ കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.