കെഎസ്ഇബിയിലെ തർക്കം : ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനയില്ല

തിരുവനന്തപുരം: . കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഏപ്രിൽ 20 ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ ഉപരോധത്തിന് ചെയർമാൻ അനുമതി നിഷേധിച്ചു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്റെ പേരിൽ അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്ക് മാനേജ്മെന്റ് ആലോചിക്കുന്നു. നാളെ യൂണിയനുകളുമായി ചർച്ച നടത്തുന്ന വൈദ്യുതിമന്ത്രി അസോസിയേഷനുമായുള്ള ചർച്ചയിൽ ഇതുവരെ തീരുമാനമെടുത്തില്ല.

കെഎസ്ഇബിയിലെ തർക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനയില്ല. സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചർച്ചക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുമായി മാത്രമാണ് നാളത്തെ ചർച്ച. അതാകട്ടെ പ്രധാനമായും ലൈൻമാൻമാരുടെ നിയമനത്തിലെ തർക്കത്തെ കുറിച്ചാണ്. വൈദ്യുതി ഭവന് മുന്നിൽ സമരം തുടരുന്ന ഓഫീസേഴ്സ് അസോസിയേഷൻ സമരം കൂടുതൽ കടുപ്പിക്കുകയാണ്. നാളെ ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവൻ വളയും. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റിനാണെന്നാണ് സമരക്കാരുടെ നിലപാട്.

അതേസമയം, ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്റ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നത് ഗൗരവമായിട്ടാണ് മാനേജ്മെന്റ് കാണുന്നത്.

ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും നാളത്തെ ഓഫീസ് വളയൽ സമരത്തെയും ഗൗരവത്തോടെയാണ് കെഎസ്ഇബി മാനേജ്മെന്റ് കാണുന്നത്. സർവ്വീസ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കൊണ്ട് ചെയർമാൻ ഉത്തരവിറക്കിയത്. ഉപരോധ സമരത്തിൽ പങ്കെടുത്താൽ കർശന നടപടിയെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്. സംഘർഷ സാധ്യത ഉണ്ടായാൽ വീണ്ടും സമരക്കാർക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →