ആംവേയുടെ 757 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ 757.77 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവില്‍ ആംവേ നടത്തിയ സാമ്പത്തികത്തട്ടിപ്പുകളുടെ പേരിലാണു നടപടി.

ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ഭൂമി, ഫാക്ടറി കെട്ടിടം, യന്ത്രസാമഗ്രികള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടുകെട്ടിയത്. ഇതില്‍ 411.83 കോടി രൂപ മൂല്യമുള്ള സ്ഥാവര-ജംഗമ വസ്തുക്കളും 345.94 കോടി രൂപ ആംവേയുടെ പേരിലുള്ള 36 ബാങ്ക് അക്കൗണ്ടുകളിലെ നീക്കിയിരിപ്പുമാണ്.2002-03 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ബിസിനസിലൂടെ ആംവേ 27,562 കോടി രൂപ സമാഹരിച്ചതായി ഇ.ഡി. പറയുന്നു. ഇന്ത്യയിലും അമേരിക്കയിലുമുള്ള വിതരണക്കാര്‍ക്കും അംഗങ്ങള്‍ക്കും കമ്മിഷന്‍ ഇനത്തില്‍ 2020-21 വരെ 7,588 കോടി രൂപ കൈമാറി. വിപണിയില്‍ ലഭ്യമായ ജനപ്രിയ ഉല്‍പന്നങ്ങളേക്കാള്‍ കൂടിയ തുകയ്ക്ക് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മറയാക്കി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുകയെന്ന തന്ത്രമാണ് ആംവേ അവലംബിച്ചത്. സാധാരണക്കാര്‍ ഇതു മനസിലാക്കാതെ അംഗങ്ങളായി ചേര്‍ന്നു. ഇതിലൂടെ ആംവേ കോടികള്‍ സമ്പാദിച്ചു. കമ്പനി അവതരിപ്പിച്ച പിരമിഡ് രീതിയിലുള്ള ചെയിന്‍ സംവിധാനത്തിലൂടെ അംഗങ്ങളാകുന്നവര്‍ക്ക് ഏതുവിധത്തില്‍ സമ്പന്നരാകാമെന്നതു സംബന്ധിച്ച് വന്‍തോതില്‍ പ്രചാരണം നടത്തി. സെമിനാറുകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് ബ്രിട്ട് വേള്‍ഡ്‌വൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും നെറ്റ്വര്‍ക്ക് ട്വന്റി വണ്‍ പ്രൈവറ്റ് ലിമിറ്റഡും തട്ടിപ്പിന് ആംവേയ്ക്കൊപ്പം മുഖ്യപങ്കാളിത്തം വഹിച്ചതായും ഇ.ഡി. ചൂണ്ടിക്കാട്ടി.

2011- മുതലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി. നടപടിയെന്ന് ആംവേ ഇന്ത്യ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട രേഖകള്‍ കൈമാറി കമ്പനി സഹകരിച്ചിരുന്നതായും ആംവേ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →