ന്യൂഡല്‍ഹി: പ്രതിദിനം റിപ്പോര്‍ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹിയില്‍ വര്‍ധന തുടരുന്നു. ഞായറാഴ്ച മാത്രം ഡെല്‍ഹിയില്‍ 517 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്തത്. കൂടാതെ 4.21 ശതമാനമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഡെല്‍ഹിയില്‍ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുകയാണ്. നിലവില്‍ കോവിഡ് നാലാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. 30ല്‍ താഴെയെത്തിയ കോവിഡ് കേസുകള്‍ നിലവില്‍ 500ന് മുകളില്‍ എത്തിയിരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ഡല്‍ഹി ദുരന്തനിവാരണസേന അറിയിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരോട് പരിശോധന നടത്താനും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ്: ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
