മൂടാടി ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് വീരവഞ്ചേരി പനയം തോട് നവീകരണത്തോടെ തുടക്കമായി. നാല്, അഞ്ച് വാർഡുകളിലൂടെ വീരവഞ്ചേരി ഭാഗത്തുനിന്ന് ചാക്കരയിലേക്കാണ് ഈ തോടിലൂടെ വെള്ളമൊഴുകുന്നത്. പല ഭാഗവും നികത്തപ്പെട്ട് മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമാണ് ജനകീയ വീണ്ടെടുപ്പിലൂടെ ഇല്ലാതായത്.
നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ നിർവഹിച്ചു. പെരുതയിൽ തോട്, ചാലി മരക്കാട് താഴെ തോട്, ഒതയോത്ത് താഴെ തോട് എന്നിവ ഉടൻ നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ, വാർഡ് മെമ്പർ വി.കെ.രവീന്ദ്രൻ, സുനിൽ അക്കമ്പത്ത്, സിറാസ്, കുടുംബശ്രീ -തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ നവീകരണ യജ്ഞത്തിൽ പങ്കാളികളായി.