സഹകരണ എക്‌സ്‌പോയ്ക്ക് തുടക്കം മട്ടന്നൂര്‍ അരങ്ങുണര്‍ത്തും, വൈവിദ്ധ്യങ്ങളുടെ മേള തുടങ്ങും

എറണാകുളം: മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ  പ്രത്യേക വേദിയില്‍ 18.04.2022 വൈകിട്ട് അഞ്ചരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സ്വതസിദ്ധ ശൈലിയില്‍ മേളം കൊഴുപ്പിക്കുന്നതോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022 ന് തുടക്കമാകും. മേളം കൊട്ടിയിറങ്ങുമ്പോള്‍ ഏഴ് മണിക്ക് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ എക്‌സ്‌പോ 2022 ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം വ്യവസായ ന്ത്രി പി. രാജീവ് നിര്‍വഹിക്കും. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. അദീലാ അബ്ദുള്ള കൃതജ്ഞതയും അര്‍പ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഇപ്റ്റയിലെ കലാകാരന്മാര്‍ അവതരിപ്പിക്കും സ്റ്റേജ് ഷോയും നടക്കും. 

മറൈന്‍ ഡ്രൈവില്‍ 60,000 ചതുരശ്ര അടിയില്‍ തീര്‍ത്ത പവലിയനില്‍ 210 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി എക്‌സ്‌പോയില്‍ എത്തിയിട്ടുണ്ട്. 8000 ചതുരശ്ര അടിയില്‍ തീര്‍ത്ത ഫുഡ് കോര്‍ട്ടില്‍ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ ഒമ്പതര മുതല്‍ രാത്രി 8.30 വരെയായിരിക്കും പ്രദര്‍ശനത്തിലേയ്ക്ക് പ്രവേശനമുള്ളത്. എല്ലാ ജില്ലകളില്‍ നിന്നുള്ള സഹകാരികളും സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും മേള കാണാനെത്തും. മേളയില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനും കഴിയും. 

മേളയുടെ ഭാഗമായി എല്ലാ ദിവസവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഓരോ മേഖലയിലെയും വിദഗ്ദ്ധരുടെ പ്രബന്ധാവതരണവും വിദഗ്ദ്ധ പാനലുകളുടെ വിശകലനങ്ങളുമുണ്ടാകും. വൈകുന്നേരങ്ങളില്‍ സഹകരണ എക്‌സ്‌പോയുടെ പ്രധാന വേദിയില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ കലാ പ്രകടനങ്ങളുമുണ്ടാകും. 25 നാണ് സഹകരണ എക്‌സ്‌പോ സമാപിക്കുന്നത്. വിവിധ പുരസ്‌കാരങ്ങളുടെ  വിതരണം സമാപന സമ്മേളനത്തില്‍ നടക്കും. സമാപന സമ്മേളനത്തിന് ശേഷം സ്റ്റീഫന്‍ ദേവസ്സിയുടെ ലൈവ് ഷോയുമുണ്ടാകും. 

ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ബെന്നി ബെഹനാന്‍ എംപി,  എംഎല്‍എമാരായ റ്റി. ജെ വിനോദ്, എല്‍ദോസ് കുന്നപ്പിള്ളില്‍, ആന്റണി ജോണ്‍, റോജി എം. ജോണ്‍, ശ്രീ. അന്‍വര്‍ സാദത്ത്, കെ.എല്‍. ഉണ്ണികൃഷ്ണന്‍,  കെ.ജെ. മാക്‌സി, കെ. ബാബു,  പി.വി. ശ്രീനിജന്‍,  അനൂപ് ജേക്കബ്, ഡോ. മാത്യു കുഴല്‍ നാടന്‍, പിഎസിഎസ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എംഎല്‍എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, കേരള ബാങ്ക്  പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കല്‍, സഹകരണ യൂണിയന്‍ സംസ്ഥാന ചെയര്‍മാന്‍  കോലിയാക്കോട്  കൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →