ബി.ജെ.പി സിറ്റിങ് സീറ്റ് തൃണമൂല്‍ പിടിച്ചെടുത്തത് മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

ബംഗാളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ അസന്‍സോള്‍ ലോക്സഭാമണ്ഡലം മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) പിടിച്ചെടുത്തു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹയാണു വിജയി. ബി.ജെ.പിയുടെ അഗ്‌നിമിത്ര പോളിനെയാണു സിന്‍ഹ തോല്‍പ്പിച്ചത്. സി.പി.എം. സ്ഥാനാര്‍ഥി പാര്‍ത്ഥ മുഖര്‍ജിയാണു മൂന്നാംസ്ഥാനത്ത്. 2019-ല്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹയെ പിന്നീട് സ്വന്തം പാളയത്തിലെത്തിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അസന്‍സോളില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാബുല്‍ സുപ്രിയോ ബി.ജെ.പി. വിട്ട് ടി.എം.സിയില്‍ ചേര്‍ന്നതിനേത്തുടര്‍ന്ന് ലോക്സഭാംഗത്വം രാജിവച്ചതോടെയാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അസന്‍സോളിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ബാലിഗഞ്ച് നിയമസഭാമണ്ഡലം ബാബുല്‍ സുപ്രിയോയിലൂടെ ടി.എം.സി. നിലനിര്‍ത്തി. 50 ശതമാനത്തിലേറെ വോട്ട് നേടിയ സുപ്രിയോ ബി.ജെ.പിയുടെ കേയ ഘോഷിനെയാണു പരാജയപ്പെടുത്തിയത്. സി.പി.എമ്മിന്റെ സൈറ ഷാ ഹാലിം മൂന്നാമതെത്തി. ടി.എം.സി. നേതാവും മന്ത്രിയുമായ സുബ്രതാ മുഖര്‍ജി കഴിഞ്ഞവര്‍ഷം അന്തരിച്ചതിനേത്തുടര്‍ന്നാണു ബാലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ വന്‍വിജയത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനങ്ങള്‍ക്കു നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →