പാലക്കാട്: ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി രംഗത്തെത്തി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൊലപാതകത്തിനു മുമ്പായി പൊലീസ് പിക്കറ്റിംഗ് പിൻവലിച്ചത് ദുരൂഹമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ് ഡി പി ഐ പ്രവർത്തകർ കൊലവിളി നടത്തി. ഇത് പൊലീസ് അവഗണിച്ചു. കൊലപാതത്തിന് പൊലീസ് സഹായം ചെയ്തുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട് മേലാമുറിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്ന് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി.