കൊച്ചി :സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കാന്‍ സഹകരണ രജിസ്‌ട്രാര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ജസറ്റീസ് പിബി.സുരേഷ്, ജസറ്റീസ് പിവി.കുഞ്ഞിക്കണ്ണന്‍ ജസ്‌റ്റീസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്. വായ്‌പാ കുടിശികയുടെ പേരില്‍ തന്നെ അയോഗ്യയാക്കിയതിനെതിരെ കൊല്ലം ജില്ലയിലെ പെരുമ്പുഴ പുനകന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഭരണസമിതി അംഗം ജലജ ഗോപന്‍ നല്‍കിയ അപ്പീലാണ് ഫുള്‍ഹബെഞ്ച് പരിഗണിച്ചത്.
സഹകരണ നിയമപ്രകാരം ഭരണ സമിതി അംഗത്തെ അയോഗ്യനാക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിക്കാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് തളളിയതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. ഈ വിഷയത്തില്‍ വിവിധ ബെഞ്ചുകള്‍ നേരത്തെ വ്യത്യസ്ഥ അഭിപ്രായം പ്രകടിപ്പിച്ചതിനാല്‍ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. ഭറണ സമിതി തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരുമാസത്തിനകം നല്‍കുന്ന പരാതിയില്‍ ആര്‍ബിട്രേഷന്‍ കോടതിക്ക് സഹകരണ നിയമപ്രകാരം അയോഗ്യത തീരുമാനിക്കാം. എന്നാല്‍ ഈ വ്യവസ്ഥ അംഗങ്ങളെ അയോഗ്യരാക്കാന്‍ സഹകരണ രജിസ്‌ട്രാര്‍ക്കുളള അധികാരമില്ലാതാക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ഭരണസമിതി അംഗത്തിന് കുടിശിക അടയ്‌ക്കാന്‍ ഒരുമാസത്തെ സാവകാശം നല്‍കി നോട്ടീസ് നല്‍കണമെന്നും സമയപരിധിക്കുളളില്‍ അടച്ചില്ലെങ്കില്‍ സഹകരണ ചട്ടത്തിലെ സെക്ഷന്‍ 42(2)(സി)പ്രകാരം അയോഗ്യനാക്കണമെന്നുമാണ് വ്യവസ്ഥ.ഇങ്ങനെ അയോഗ്യത കല്‍പ്പിക്കാന്‍ രജിസ്‌ട്രാര്‍ക്കാണ് അധികാരമെന്ന് ഫുള്‍ ബെഞ്ചി വ്യക്തമാക്കി.

