സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു

പാലക്കാട്: മകനെ ആക്രമിച്ചത് കാറിൽനിന്നിറങ്ങിയ രണ്ടുപേരാണെന്ന് കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കർ. രണ്ടുപേരെയാണ് താൻ കണ്ടതെന്നും അക്രമിസംഘത്തിൽ ബാക്കി എത്ര പേരുണ്ടെന്ന് താൻ കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കാർ ഞങ്ങളുടെ വണ്ടിക്ക് നേരേയാണ് വന്നത്. വണ്ടിയിൽ ഇടിച്ചതോടെ ഞാൻ സൈഡിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തിൽ വണ്ടിയും അവനും അല്പം മുന്നോട്ടുപോയി റോഡിൽ വീണു. വീണതിന് ശേഷം അവർ അക്രമിക്കുകയായിരുന്നു. എന്നെ നോക്കി, എന്നെ ഒന്നും ചെയ്തില്ല. ശേഷം അവർ തിരിച്ച് മറ്റൊരു കാറിൽ പോയി. അക്രമിസംഘത്തിലെ രണ്ടുപേരെയാണ് ഞാൻ കണ്ടത്. ബാക്കി എത്ര പേരുണ്ടായിരുന്നുവെന്ന് കണ്ടില്ല. ഞാൻ എഴുന്നേൽക്കാൻ വയ്യാതെ കിടക്കുയായിരുന്നു.’- അബൂബക്കർ പറഞ്ഞു.

അതിനിടെ, എലപ്പുള്ളിയിലെ എസ്.ഡി.പി.ഐ. പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികൾ വന്ന കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതെന്നാണ് സംശയം. എന്നാൽ കാർ സഞ്ജിത്തിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ച് പറയുന്നില്ല. ഈ കാർ ഉപേക്ഷിച്ച് പിന്നാലെയെത്തിയ മറ്റൊരു കാറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ഡ്രൈവറടക്കം അഞ്ചുപേർ അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് സൂചന. ഇവർ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനകളുണ്ട്.2022 ഏപ​സ്റ്റിൽ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.

പള്ളിയിൽനിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു സുബൈർ. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉൾപ്പെടെ വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽനിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. ആണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. കൊലപാതകവിവരമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ. പ്രവർരാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. അതിനിടെ, ബിജെപി – സംഘപരിവാർ പ്രവർത്തകർക്ക് സംഭവവുമായി ബന്ധമില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞു. അന്വേഷണം പൂർത്തിയാകും മുമ്പ് സംഘപരിവാർ സംഘടനകൾക്കുമേൽ കുറ്റം ആരോപിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് പറഞ്ഞു.

അതിനിടെ, പാലക്കാട്ടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് ഡി.ജി.പി. ജാഗ്രത നിർദേശം നൽകി. സംഘർഷസാധ്യതയുള്ള മേഖലകളിൽ കൂടുതൽ പിക്കറ്റിങ് ഏർപ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാരോട് നിർദേശിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ രണ്ട്കൊലപാതകങ്ങൾ നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →