കോഴിക്കോട് : കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദം അടഞ്ഞ അധ്യായമെന്ന സിപിഎം )വിലയിരുത്തൽ വിഷയത്തെ ലഘൂകരിക്കാനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ജോർജ് എം തോമസിന്റെ പ്രസ്താവന സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതം വലുതാണ്. അത് നാക്കുപിഴയല്ല പ്രത്യയശാസ്ത്ര പിഴവാണ്. സിപിഎം തള്ളിപ്പറയേണ്ടത് ബ്രാഞ്ചുകളിലേക്കടക്കം കൊടുത്തയച്ച പാർട്ടി രേഖയാണെന്നും ഷാഫി പറമ്പിൽ കോഴിക്കോട് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിനകത്ത് വ്യക്തത കുറവില്ലെന്നും ഷാഫി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതിനിടെ, ജ്യോയ്സ്നയുടെ മതാപിതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ്, ബിജെപി നേതാക്കൾ കോടഞ്ചേരിയിലെ വീട്ടിലെത്തി. വിഷയം വഷളാക്കിയത് കോൺഗ്രസ് ആണെന്ന സിപിഎം വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കോടഞ്ചേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം, കോടഞ്ചേരി വിവാഹ വിവാദത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശേരി രൂപത ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തി. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. താമരശേരി മേരി മാതാ കത്തീഡ്രൽ പളളിയിൽ പെസഹാ വ്യാഴത്തിൻറെ ഭാഗമായി നടന്ന ശുശ്രൂഷകൾക്ക് ശേഷമാണ് ബിഷപ്പ് മാർ റെമജീയോസ് ഇഞ്ചനാനിയിൽ രൂപതയ്ക്ക് കീഴിൽ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും അത്തരം ശക്തികൾക്ക് കീഴടങ്ങരുതെന്നുമായിരുന്നു ബിഷപ്പിന്റെ വാക്കുകൾ.
ജ്യോയ്സ്നയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സിപിഎം നേതാക്കളെ ബന്ധപ്പെട്ട് ഷെജിനെയും ജ്യോയ്സ്നയെയും കണ്ടെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഇരുവർക്കും മൂന്ന് ദിവസം ഒളിവിൽ കഴിയാൻ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നെന്ന പരാതി രൂപത നേതൃത്വത്തിനുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവും രൂപത നേതൃത്വം പങ്കുവയ്ക്കുന്നു